കൊച്ചി: സ്വപ്‌ന സുരേഷിന്റെ സഹായിയായ സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ്.
പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരിത്തിനെ കൊണ്ടുപോയത്. ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാനാണ് കൊണ്ടുപോയത്. എന്നാല്‍, നോട്ടീസ് നല്‍കിയാണ് കൊണ്ടുപോയതെന്നും ബലം പ്രയോഗിച്ചിട്ടില്ലെന്നും സ്വമേധയാ കൂടെ വരികയാണ് സരിത്ത് ചെയ്തതെന്നുമാണ് വിജിലന്‍സിന്റെ വിശദീകരണം. സംഭവത്തില്‍ സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്വപ്‌ന സുരേഷ് രാവിലെ 10 മണിയോടെ തന്റെ വീട്ടില്‍വെച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം പതിനഞ്ച് മിനിറ്റിനുള്ളിലാണ് സരിത്തിനെ ഫ്‌ളാറ്റില്‍നിന്ന് തട്ടിക്കൊണ്ടു പോയതെന്ന് സ്വപ്‌ന പറഞ്ഞു. പിന്നീട് 11.15-ഓടെ വീണ്ടും മാധ്യമങ്ങളെ കണ്ടാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.
പോലിസ് എന്ന വ്യാജേന വെള്ള സ്വഫ്റ്റ് കാറില്‍ എത്തിയവരാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്‌ന പറയുന്നു. ഫോണ്‍ പോലും എടുക്കാന്‍ സമ്മതിക്കാതെയാണ് സരിത്തുമായി പോയത്. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല. താന്‍ സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഇത് സംഭവിച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു.