കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരേ രഹസ്യമൊഴി നല്‍കിയതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്‌ന സുരേഷ്. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു അജണ്ടയുമില്ല. തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. എന്നാല്‍, തന്റെ മൊഴിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പി.സി ജോര്‍ജിനും സോളാര്‍ കേസിലെ സരിത യ്ക്കും പങ്കുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വപ്‌ന സുരേഷിന്റെ മറുപടിയിങ്ങനെയായിരുന്നു.
സരിതയെ അറിയില്ല. താനും സരിതയും ജയിലിലുണ്ടായിരുന്നു. എന്നാല്‍, ഒരു ഹായ് പോലും ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. തന്നെ സഹായിക്കാമെന്ന് പറഞ്ഞ് അവര്‍ നിരന്തരം എന്റെ അമ്മയെ വിളിച്ച് ശല്യം ചെയ്തിരുന്നു. സരിതയുള്‍പ്പെടെയുള്ളവര്‍ സ്വകാര്യലാഭത്തിന് വേണ്ടി തന്റെ രഹസ്യമൊഴി ഉപയോഗിക്കരുതെന്നും സ്വപ്‌നസുരേഷ് പറഞ്ഞു. പി.സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ല. എന്നാല്‍, ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ മൊഴി നല്‍കിയത് തെളിവുകള്‍ ഉള്ളതിനാലാണ് അല്ലാതെ ഇത് പ്രതിച്ഛായ ഉണ്ടാക്കാനുള്ളതല്ലെന്നും സ്വപ്ന പറഞ്ഞു. താന്‍ മാത്രമാണ് സംഭവത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണ്. കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെ കുറിച്ചും അതിന്റെ തോതിനെ കുറിച്ചുമാണ് വെളിപ്പെടുത്തല്‍. തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. തന്നെ ജീവിക്കാന്‍ അനുവദിക്കൂവെന്നും സ്വപ്ന പറഞ്ഞു.