ഖത്തര്‍ എയര്‍വേയ്‌സിന് പിന്നാലെ ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍; ഇന്ത്യയില്‍ സംപ്രേക്ഷണം വിലക്കണമെന്നും ആവശ്യം

ഖത്തര്‍ എയര്‍വേയ്‌സിന് പിന്നാലെ ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍; ഇന്ത്യയില്‍ സംപ്രേക്ഷണം വിലക്കണമെന്നും ആവശ്യം

ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദയില്‍ അപലപിച്ച് ഖത്തര്‍ രംഗത്തെത്തിയതില്‍ ഖത്തര്‍ എയര്‍വേസിന് പിന്നാലെ ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍. #boycottqatarsairways ന് പിന്നാലെ #boycottFIFA #boycotQatar തുടങ്ങിയ ഹാഷ്ടാഗുകളും ആഹ്വാനങ്ങളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഉപ്സാല യൂണിവേഴ്സിറ്റിയിലെ അക്കാദമിക് പ്രൊഫസറും യുനസ്‌കോയിലെ ഉദ്യോഗസ്ഥനുമായ അശോക് സ്വെയ്നാണ് ഈ വിഷയം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്. ഫുട്ബോളിനെ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് ആദ്യം ഇവര്‍ എങ്ങനെയാണ് ഫുട്ബോള്‍ കളിക്കേണ്ടത് എന്ന് പഠിക്കട്ടെ,’ എന്നായിരുന്നു സ്വെയ്ന്‍ ട്വിറ്ററിലൂടെ പറഞ്ഞത്. ട്വിറ്ററിലും മറ്റുമായി ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കുമ്പോള്‍ ഇന്ത്യയില്‍ ലോകകപ്പ് സംപ്രേക്ഷണം വിലക്കിയേക്കുമെന്നും പല കോണില്‍ നിന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്. പല സ്പോര്‍ട്സ് ഗ്രൂപ്പുകളിലും ഇക്കാര്യം ചര്‍ച്ചയാവുന്നുമുണ്ട്.

ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നുമാണ് ഇത്തരത്തില്‍ ലോകകപ്പ് ബഹിഷ്‌കരിക്കാമുള്ള ആഹ്വാനമുയരുന്നത്. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യ ഒന്നടങ്കം ബഹിഷ്‌കരിക്കണമെന്നും ഇന്ത്യയില്‍ സംപ്രേക്ഷണം വിലക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ ലോകകപ്പ് ബഹിഷ്‌കരിക്കുന്നതോടെ ഖത്തറിനുള്ള മറുപടിയാവുമെന്നും ഇത്തരക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ടൈംസ് നൗവില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിദ്വേഷ പരാമര്‍ശം. ഇസ്ലാം മതത്തില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി കാര്യങ്ങളുണ്ടെന്ന് ആരോപിച്ച നുപുര്‍ പ്രവാചകനെതിരേയും വിദ്വേഷപരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നുപുറിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഖത്തര്‍ സംഭവത്തില്‍ തങ്ങളുടെ അതൃപ്തിയറിയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രായലയം പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് തീവ്ര വലതു ഗ്രൂപ്പുകള്‍ ഖത്തര്‍ എയര്‍വേസ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. പിന്നാലെയാണ് ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പില്‍ പതിഞ്ഞതും പുതിയ ബഹിഷ്‌കരണനാഹ്വാനമായി രംഗത്തെത്തിയതും.

Share

Leave a Reply

Your email address will not be published. Required fields are marked *