ഹൈദരാബാദ്: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ മൂന്നു പേര് അറസ്റ്റിലായി. സദുദ്ദീന്‍ മാലിക് ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. മറ്റു രണ്ടു പേര് മൈനറാണ്.
കേസിലെ എല്ലാ പ്രതികളെയും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ കാറില്‍ വച്ചാണ് പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകാന്‍ ഒറ്റയ്ക്ക് നിന്ന പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു.
ഇവര്‍ക്കൊപ്പം കാറില്‍ കയറിയ പെണ്‍കുട്ടിയെ ഹൈദരാബാദ് ജൂബിലി ഹില്‍സ് പ്രദേശത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് അറിയിച്ചു. മെയ് 28നായിരുന്നു കേസിനാസ്പദമായ സംഭവം.