ലോകപരിസ്ഥിതിദിനം: ഏഴു കേന്ദ്രങ്ങളില്‍ മഴവില്‍ വനവല്‍ക്കരണവുമായി യു.എല്‍.സി.സി.എസ്

ലോകപരിസ്ഥിതിദിനം: ഏഴു കേന്ദ്രങ്ങളില്‍ മഴവില്‍ വനവല്‍ക്കരണവുമായി യു.എല്‍.സി.സി.എസ്

കോഴിക്കോട്: സംസ്ഥാനത്തെ ഏഴു കേന്ദ്രങ്ങളില്‍ ഏഴുതരം വനങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന മഴവില്‍ വനവല്‍ക്കരണ പരിപാടിയുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി. ഉപസ്ഥാപനങ്ങളിലും വിവിധ പ്രൊജക്റ്റ് പ്രദേശങ്ങളിലുമായി തുടക്കം കുറിക്കുന്ന ഈ വൃക്ഷവല്‍ക്കരണപദ്ധതി പരിസ്ഥിതിപരിപാലനം, നെറ്റ് സീറോ എമിഷന്‍ തുടങ്ങിയ മേഖലകളില്‍ സൊസൈറ്റി നടപ്പാക്കാന്‍ ആലോചിക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

ഹോട്ട് മിക്‌സ് പ്ലാന്റുകള്‍ ജൈവയിന്ധനത്തിലേക്കു മാറ്റുന്നതടക്കം സൊസൈറ്റി നടത്തിവരുന്ന നെറ്റ് സീറോ പദ്ധതികളുടെ തുടര്‍ച്ചയായ മഴവില്‍ വനവല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ രാവിലെ ഒന്‍പതിന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. അവിടെ തുടങ്ങാന്‍ പോകുന്ന കളരി അക്കാദമിയുടെ പരിസരത്തായി കളരി ചികിത്സയ്ക്കു വേണ്ട ഔഷധസസ്യങ്ങളുടെ വനമാണു നട്ടുവളര്‍ത്തുക.

കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ സാഹിത്യകാരന്‍ കെ.പി രാമനുണ്ണിയാണ് രാവിലെ 9.30ന് ആദ്യവൃക്ഷത്തൈ നടുക. യു.എല്‍ കെയര്‍ നായനാര്‍ സദനം അങ്കണത്തില്‍ രാവിലെ 10.30ന് സാഹിത്യകാരന്‍ വി.ആര്‍ സുധീഷ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കെ.എസ് വെങ്കിടാചലം, കോഴിക്കോട് മുന്‍ മേയര്‍ അഡ്വ. സി.ജെ റോബിന്‍, മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിലി മോനി, നായനാര്‍ ബാലികാസദനം പ്രസിഡന്റ് ഡോ. വി.വി മോഹന്‍ ചന്ദ്രന്‍, സെക്രട്ടറി പ്രൊഫ. സി.കെ ഹരീന്ദ്രനാഥ്, യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.കെ ജയരാജ് എന്നിവര്‍ വിവിധ വൃക്ഷത്തൈകള്‍ നടും.

ഇരിങ്ങല്‍ സര്‍ഗലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ ഫലവൃക്ഷങ്ങളുടെ വനമാണ് ഒരുക്കുക. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഉദ്ഘാടനം ചെയ്യും.

കൊല്ലം ചവറ ഐ.ഐ.ഐ.സി വളപ്പില്‍ തദ്ദേശിയ വൃക്ഷങ്ങളാണു വളര്‍ത്തുക. ഡയറക്ടര്‍ പ്രൊഫ. (ഡോ.) ബി. സുനില്‍ കുമാര്‍ ആദ്യതൈ നടും. കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്ക്, തലപ്പാടി ചെങ്കള പ്രൊജക്റ്റ് സൈറ്റ്, സൊസൈറ്റിയുടെ തിരുവനന്തപുരത്തെ ഓഫിസ് എന്നിവിടങ്ങളാണു പരിസ്ഥിതി ദിനത്തില്‍ വൃക്ഷവല്‍ക്കരണം നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍. കോവളത്തെ ക്രാഫ്റ്റ് വില്ലേജില്‍ പരിസ്ഥിതിക്കും കൈത്തറിക്കുമായി എന്‍വാഷന്‍ എന്ന പേരില്‍ കുട്ടികളുടെ ഫാഷന്‍ ഷോയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ബാലതാരം സ്‌നേഹ അനുവാണ് ഉദ്ഘാടക.

Share

Leave a Reply

Your email address will not be published. Required fields are marked *