കോഴിക്കോട്: നാൽപ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പ്രസ്ഥാനമായ സീനിയർ ചേംബറിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷത്തിന് തുടക്കമായതായി നാഷണൽ പ്രസിഡണ്ട് വി.ഭരത് ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിൽവർ ജൂബിലിയോടനുബന്ധിച്ച് നിരവധി സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കും. രോഗികൾക്ക് 250 വീൽ ചെയറുകൾ, 50 പേർക്ക് കൃത്രിമ കാലുകൾ, സ്ത്രീകൾക്ക് 250 തയ്യൽ മെഷീനുകൾ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈ നടൽ, 2 ലക്ഷം വൃക്ഷ തൈ വിതരണം, കർണ്ണാടകത്തിൽ വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം എന്നിവ നടക്കും.
സീനിയർ ചേംബറിന് വിവിധ സംസ്ഥാനങ്ങളിലായി 150 ചാപ്റ്ററുകളും, യുഎഇ, ഒമാൻ, ഖത്തർ, അമേരിക്ക, നേപ്പാൾ എന്നിവിടങ്ങളിൽ ലീജിയനുകളും പ്രവർത്തിക്കുന്നുണ്ട്. 1997 ഏപ്രിൽ 3-ാം തിയതി കോഴിക്കോട്ടാണ് സംഘടന പിറവിയെടുത്തത്. പ്രഥമ പ്രസിഡണ്ട് പി.പി.പ്രേമാനന്ദും, സെക്രട്ടറി ജനറൽ പി.ഡി.ഹരിപ്രഭയുമായിരുന്നു. ഉത്തരവാദിത്ത പൂർണ്ണവും, സജീവവുമായ പൗരത്വം എന്നതാണ് സീനിയർ ചേംബറിന്റെ ആപ്ത വാക്യം. പല രാജ്യങ്ങളിലും ലീജിയനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം നടന്നുവരുകയാണെന്നും, സംഘടന സീനിയർ ചേംബർ ഇന്റർനാഷണൽ എന്നാവുകയും അന്താരാഷ്ട്ര ഭരണഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത് കോഴിക്കോട് വ്യാപാരഭവനിലാണ്. നാഷണൽ വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ ബി ഫ്രാൻസിസ്, സെക്രട്ടറി രാജേഷ് വൈഭവ്, മുൻ പ്രസിഡണ്ട് അഡ്വ.കെ.മുഹമ്മദ് കോയ, ജോസ് കണ്ടോത്തും സംബന്ധിച്ചു.