കോഴിക്കോട്: വ്യാപാരം മാത്രം ലക്ഷ്യമിടുന്ന ഒരുവിഭാഗം കുട്ടികളെ അക്രമത്തിന്റെ പാതയിലേക്ക് നയിക്കുകയാണെന്നും നന്മ,ശാന്തി,പരസ്പര ബഹുമാനം,ലിംഗസമത്വം എന്നീ ഗുണങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ ബാലസാഹിത്യ കൃതികള്‍ക്കാകുമെന്ന് സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍. ജനു രചിച്ച ‘അമ്മ, കള്ളി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് ഇരയാക്കപ്പെടുന്നത്. കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ മനുഷ്യരാണോ ഇത് ചെയ്യുന്നതെന്ന് സംശയം തോന്നും. കുട്ടിക്കടത്തുകാര്‍, റാക്കറ്റുകള്‍, കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനങ്ങള്‍ എല്ലാം കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണ്. കുട്ടികളെ പഠിപ്പിക്കുന്നത് ഹിംസയുടെ മുദ്രാവാക്യങ്ങളാണ്. ഇക്കാലത്ത് നന്മകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ എഴുത്തുകാര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.പി ഹാഫിസ് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. ഖദീജ മുംതസ് അധ്യക്ഷത വഹിച്ചു. ഇ.എന്‍ ഷീജ, കെ.ടിരാധാകൃഷ്ണന്‍, പ്രൊഫ.കെ. പാപ്പുട്ടി, ഡോ. സോണിയ ഇ.പ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനു പ്രതിസ്പന്ദം നടത്തി. ഡോ. കെ. ശ്രീകുമാര്‍ സ്വാഗതവും എന്‍.ഇ മനോഹര്‍ നന്ദിയും പറഞ്ഞു. പൂര്‍ണ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.