സ്ത്രീ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചാല്‍ കേസില്ല, പുരുഷന് നേരെ തിരിച്ചും; നിയമത്തില്‍ ലിംഗസമത്വമില്ല: ഹൈക്കോടതി

സ്ത്രീ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചാല്‍ കേസില്ല, പുരുഷന് നേരെ തിരിച്ചും; നിയമത്തില്‍ ലിംഗസമത്വമില്ല: ഹൈക്കോടതി

കൊച്ചി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ാം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. ‘ഒരു സ്ത്രീ പുരുഷനെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചാല്‍ സ്ത്രീക്കെതിരേ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍, പുരുഷനാണ് സമാനമായ കുറ്റം ചെയ്യുന്നതെങ്കില്‍ ശിക്ഷിക്കപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗസമത്വം ഉള്ളതായിരിക്കണം.’ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്ന് ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനത്തില്‍ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല. എന്നാല്‍ ഒരു പുരുഷന്‍, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കുകയും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

നിയമം ലിംഗ സമത്വമുള്ളതായിരിക്കണമെന്നും ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ ലിംഗവിവേചനമുള്ളതാണെന്ന് ഈ വര്‍ഷമാദ്യം മറ്റൊരു വിധിന്യായത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *