സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല; അവയവദാനത്തിന് പങ്കാളിയുടെ അനുമതി ആവശ്യമില്ല: ഡല്‍ഹി ഹൈക്കോടതി

സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല; അവയവദാനത്തിന് പങ്കാളിയുടെ അനുമതി ആവശ്യമില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സ്വന്തം ശരീരത്തിന്‍മേലുള്ള അവകാശം വ്യക്തിക്ക് മാത്രമാണ്. അതിനാല്‍ അവയവദാനത്തിന് പങ്കാളിയുടെ സമ്മതത്തിന്റെ ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സ്വദേശി നേഹാ ദേവി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. പിതാവിന് വൃക്ക ദാനം ചെയ്യാന്‍ ഭര്‍ത്താവിന്റെ അനുമതിപത്രം ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ക്കെതിരേയാണ് നേഹാ ദേവി ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ ശരീരത്തിന്റെ അവകാശം ആ വ്യക്തിക്ക് മാത്രമാണ്. വിവാഹിതയാണെന്നുണ്ടെങ്കിലും അതിന് മാറ്റമുണ്ടാവില്ല. കാരണം, സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല. അതിനാല്‍ അവയവദാനത്തിന് പങ്കാളിയില്‍ നിന്ന് അനുമതി ആവശ്യമില്ല എന്ന് കോടതി വ്യക്തമാക്കി. ‘വ്യക്തിപരവും അനിഷേധ്യവുമായ ആ അവകാശം ഇണയുടെ സമ്മതത്തിന് വിധേയമാണെന്ന് അംഗീകരിക്കാന്‍ കഴിയില്ല.’ കോടതി പറഞ്ഞു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ് ഹരജി പരിഗണിച്ചത്. 1994ലെ മനുഷ്യാവയവങ്ങള്‍ മാറ്റിവയ്ക്കല്‍ നിയമം പ്രകാരം ഹരജിക്കാരി പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം അവയവദാനം നടത്താമെന്നും അടുത്ത ബന്ധുവിന് അവയവദാനം ചെയ്യാന്‍ പങ്കാളിയില്‍നിന്ന് അനുമതി ആവശ്യമാണെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും ഹരജിക്കാരി ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് പിതാവിന് വൃക്കദാനം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, ഭര്‍ത്താവില്‍ നിന്ന് അനുമതി പത്രമില്ലാതെ ശസ്ത്രക്രിയ നടത്തില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് നേഹ ദേവി കോടതിയെ സമീപിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *