കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി.രാമന്‍ പിള്ള. എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്മേല്‍ വിചാരണ കോടതിയില്‍ വാദം തുടരുകയാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പഴയതാണെന്നും ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസനെ സ്വാധീനിച്ചെന്ന ആരോപണം കളവാണന്നും അഭിഭാഷകന്‍ വാദിച്ചു.
കേസില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ഡ്രൈവില്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി.
സംഭാഷണങ്ങള്‍ പെന്‍ ഡ്രൈവിലേക്ക് മാറ്റിയ തീയതികള്‍ പ്രധാനമാണ്. സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഉപകരണം എവിടെയെന്നും കോടതി ചോദിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചിരിക്കുന്നതിനിടെയാണ് വിചാരണ കോടതിയിലെ നടപടികള്‍.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയില്‍ നേരത്തെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതിനായി ഫോറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.