തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് വീണ്ടും പോലിസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് നോട്ടീസ്് നല്‍കുന്നത്.
നേരത്തെ പോലിസ് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോകുകയാണെന്നും ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പി.സി ജോര്‍ജ്് മറുപടി നല്‍കിയിരുന്നു. ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലിസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. തുടര്‍ന്ന് പോലിസ് പൂഞ്ഞാറിലെ വീട്ടിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നാല്‍ കൊച്ചിയിലെ വെണ്ണല ക്ഷേത്രത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ ജാമ്യം റദ്ദാക്കുകയായിരുന്നു. ജയിലിലേക്ക് അയക്കുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷം വീണ്ടും ജാമ്യം ലഭിച്ചു. വെണ്ണല വിദ്വേഷ പ്രസംഗ കേസിലും കേസെടുത്തിട്ടുണ്ട്. ഇതിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.