ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിക്ക് മുന്പില് ഇന്ന് ഹാജരാകില്ല. താന്‍ നിലവില്‍ വിദേശത്താണെന്നും ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാം. അതിനായി തീയതി മാറ്റിത്തരണമെന്നും രാഹുല്‍ഗാന്ധി ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയാ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭാ ഉപനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുടെ മൊഴിയടുത്തിരുന്നു.ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചത്.