കോഴിക്കോട്: നമ്മുടെ പശ്ചിമ തീരത്ത് ആദ്യമായി കാലുകുത്തുകയും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്ത പാശ്ചാത്യ ശക്തികള്‍ക്കെതിരേ പൊരുതിയത് മുസ്‌ലിംകളാണെന്നും മുസ്‌ലിം സമൂഹത്തിന്റെ ദശഭക്തി ചരിത്രം രേഖപ്പെടുത്തിയതാണെന്നും ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. ചരിത്ര പണ്ഡിതനും കാലിക്കറ്റ് സര്‍വകലാശാല യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. എസ്.എം മുഹമ്മദ്‌കോയ രചിച്ച
മാപ്പിളാസ് ഓഫ് മലബാറിന്റെ മലയാള വിവര്‍ത്തന പുസ്തകം മലബാറിലെ മാപ്പിളമാര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂതിരിയുടെ കച്ചവടം കൈകാര്യം ചെയ്തിരുന്നത് മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാതെ വ്യാപാര കുത്തക ലഭിക്കില്ലെന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാരാണ് അക്രമം നടത്തിയത്. കുഞ്ഞാലി മരയ്ക്കാര്‍മാരാണ് അവരെ ചെറുത്തുനിന്നത്. തുള്‍ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവായിരുന്ന സൈനുദീന്‍ മഖ്ദൂമ് രണ്ടാമന്റെ ശിഷ്യനായ കുഞ്ഞുമരയ്ക്കാര്‍ ഷഹീദ് പോര്‍ച്ചുഗീസുക്കാര്‍ക്കെതിരായി നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് ഐതിഹാസികമാണ്. പോര്‍ച്ചുഗീസുകാര്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ വാളെടുത്ത് കടലില്‍ പോയി മോചിപ്പിച്ചുകൊണ്ട് വരികയായിരുന്നു.
അദ്ദേഹത്തെ വധിച്ച പോര്‍ച്ചുഗീസുകാര്‍ മൃതദേഹം ഒമ്പത് കഷണങ്ങളാക്കി കടലിലെറിഞ്ഞെന്നും അവ അടിഞ്ഞ തീരങ്ങളില്‍ മഖ്ബറ ഉണ്ടായിരുന്നുവെന്നുമാണ് കോട്ടപ്പള്ളി മാലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിക്ക് ഷാബന്തര്‍ കോയ, അയ്യപ്പന് വാവര്‍, മങ്ങാട്ടച്ഛന് കുഞ്ഞായന്‍ മുസ്‌ലിയാര്‍ ഇങ്ങനെ ഹിന്ദു-മുസ്‌ലിം കൂടിച്ചേരല്‍ വിശ്വാസത്തിന്റേയും മറ്റു മേഖലകളിലും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിനെ ഇവിടത്തുകാര്‍ ഇഷ്ടപ്പെടാന്‍ കാരണം അതിന്റെ ഏകബോധവും സത്യസന്ധതയുമായിരുന്നു.
എസ്.എം മുഹമ്മദ്‌കോയ പക്ഷപാതിത്വമില്ലാതെ സത്യസന്ധമായി വസ്തുതകള്‍ മനസ്സിലാക്കിയാണ് രചന നിര്‍വഹിച്ചിട്ടുള്ളത്. ഈ മേഖലയിലെ ഗവേഷകര്‍ക്ക് ഈ പുസ്തകം ഒരു പാഠ പുസ്തകമാണ്. മത രാഷ്ട്രീയത്തിന്റെ മതാന്ധത അഴിഞ്ഞാടുന്ന ഇന്നത്തെ കാലത്ത് ചരിത്ര വസ്തുതകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.പി.കെ പോക്കര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ: എന്‍.പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവര്‍ത്തക ലക്ഷ്മി നന്ദകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. മോഹന്‍പ്രകാശ്, എന്‍ജിനീയര്‍ മമ്മദ് കോയ, കെ.വി സക്കീര്‍ ഹുസൈന്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ ഹസീസ് സ്വാഗതവും ഷാനവാസ് കണ്ണഞ്ചേരി നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്‌സാണ് പ്രസാദകര്‍.