കൊല്‍ക്കത്ത: മലയാളിയും ഡല്‍ഹി സ്വദേശിയും പ്രശസ്ത ബഹുഭാഷാ ഗായകനായ കൃഷ്ണകുമാര് കുന്നത്ത് എന്ന കെ.കെ (53) അന്തരിച്ചു. പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതില്‍ സുഖമില്ലാത്ത ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കൊല്‍ക്കത്ത ഗുരദാസ് കോളജിലെ ആഘോഷവുമായി ബന്ധപ്പെട്ട് നസറുല്‍ മഞ്ചില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു കെ.കെയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വേദിയില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് പോയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ സി.എം.ആര്‍.ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എത്തുന്നതിനു മുന്‍പേ മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി അദ്ദേഹം കൊല്‍ക്കത്തയില്‍ പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു.
ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിലായി 700ല്‍ അധികം ഗാനകള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
കുന്നത്ത് കനകവല്ലി- സി.എസ് മേനോന്‍ ദമ്പതികളുടെ മകനായി 1968 ആഗസ്തില്‍ ഡല്‍ഹിയിലാണ് കെ.കെ ജനിച്ചത്. ഭാര്യ ജ്യോതി, മക്കള്‍: നകുല്‍ കൃഷ്ണ കുന്നത്ത്, താമര കുന്നത്ത്.
1999ല്‍ ആദ്യ മ്യൂസിക് ആല്‍ബമായ ‘പല്‍’ സോളോ സ്‌ക്രീന്‍ ആല്‍ബത്തിനുളള സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് നേടി.അന്ന് കൗമാരക്കാര്‍ക്കിടയില്‍ വലിയ തരംഗമാണ് ഈ ആല്‍ബം സൃഷ്ടിച്ചത്.