കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് നിലവിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നാണ് അതിജീവിത ഹരജിയിലൂടെ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജി കൗസര്‍ എടപ്പഗത്തായിരുന്നു കേസ് പരിഗണിച്ചത്. പിന്നീട് ജസ്റ്റിസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഹരജിയില്‍ നിന്നു പിന്മാറണമെന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയത്. എന്നാല്‍, ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. നേരത്തെ കേസില്‍ അട്ടിമറിക്കു സാധ്യതയുണ്ടെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അന്ന് ഹരജി പിന്‍വലിക്കുന്നതില്‍ നിന്ന് ജഡ്ജി സ്വയം പിന്‍മാറുകയായിരുന്നു.