തിരുവനന്തപുരം: തൃക്കാക്കരയില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ കള്ള വോട്ട് സംഭവത്തെ അപലപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കള്ളവോട്ട് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്നത് ഗുരുതര സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം ഒരു സംവിധാനമുണ്ടാക്കി കള്ളവോട്ട് ചെയ്യാറുണ്ടെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച വ്യക്തിയെ പിടികൂടിയിരുന്നു. വിദേശത്തുള്ള വ്യക്തിയുടെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഇയാള്‍. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ സംഭവത്തോടു കൂടി തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതായും വരും ദിവസങ്ങളില്‍ അത് വ്യക്തമാകുമെന്നും വി.ഡി സതീഷന്‍ പറഞ്ഞു.