കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മറ്റന്നാള്‍ വരെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു ഉടന്‍ നാട്ടിലെത്തി അന്വേഷണ സംഘത്തിനു മുന്‍പില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എന്നാല്‍ കോടതിയുടെ നിര്‍ദേശത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിജയ് ബാബു പലര്‍ക്കും താരമായിരിക്കാം. എന്നാല്‍ കോടതിക്ക് അയാള്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണം. പ്രതി നാട്ടില്‍ എത്താതെ എന്തുചെയ്യാനാകുമെന്നും കോടതി ചോദിച്ചു.
ഇന്നലെ നാട്ടില്‍ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകന്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ്ബാബു ശ്രമിക്കുന്നത്.