കൊച്ചി: തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വൈറ്റിലയിലെ പൊന്നുരുന്നിയില്‍ ക്രിസ്ത്യന്‍ കോണ്‍വെന്റിലെ സ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമമുണ്ടായത്.
നാട്ടിലില്ലാത്ത ആളുടെ പേരിലാണ് ഇയാള്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം. ബൂത്തിലെ വോട്ടറായ സഞ്ജു എന്നയാള്‍ നാട്ടിലുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാളുടെ വോട്ട് ചെയ്യാന്‍ എത്തിയ സി.പി.എം പ്രവര്‍ത്തകനാണ് പിടിയിലായതെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. സ്ഥലത്തില്ലാത്തയാള്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയുമായി എത്തിയതോടെ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റ് ചലഞ്ച് ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എം കള്ളവോട്ടിന് ശ്രമിക്കുമെന്ന് യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം തൃക്കാക്കരയില്‍ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴു മുതല്‍ തുടങ്ങിയ പോളിങ് ഉച്ചയ്ക്ക് ഒരു മണിയോടെ 45 ശതമാനം കടന്നു.