കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്. സംഭവത്തില്‍ അറസ്റ്റിലായ അബ്ദുല്‍ ലത്തീഫിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ സലാം. പ്രതി ലീഗുകാരനാണെന്ന് കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ അറസ്റ്റ് സി.പി.എം അണിയറയില്‍ ഒരുങ്ങിയ നാടകമാണ്.
ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ തൃക്കാക്കര പോലിസ് പിടികൂടിയത്. ഇയാള്‍ മുസ്‌ലിം ലീഗ് അനുഭാവിയാണെന്ന് പോലിസ് അറിയിച്ചിരുന്നു. ലത്തീഫിന്റെ ഫോണില്‍നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച നാലുപേരെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു.
വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുല്‍ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പോലിസ് പറയുന്നു.
സംഭവത്തില്‍ തൃക്കാക്കരയില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.