- കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍
കൊച്ചി: പോപുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ റാലിയില്‍ വിവാദമായ മുദ്രാവാക്യ വിഷയത്തില്‍ മുദ്രാവാക്യം തെറ്റില്ലെന്ന് കുട്ടിയുടെ പിതാവ് അഷ്‌കര്‍ മുസാഫിര്‍. മുദ്രാവാക്യത്തില്‍ ഒരു മതത്തെ കുറിച്ചും തെറ്റായ പരാമര്‍ശമില്ല. പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേ സമയം ഈ മുദ്രാവാക്യം തന്റെ മകന്‍ മുന്‍പും എന്‍.ആര്‍.സിയുടെ റാലികളില്‍ വിളിച്ചിട്ടുണ്ട്. അന്ന് ഇല്ലാത്ത വിവാദമെന്താണ് ഇപ്പോഴെന്ന് അറിയില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ് പോലിസ്.
റാലിയില്‍ താന്‍ വിളിച്ച മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും വിളിക്കാനായി ആരും പറഞ്ഞിട്ടില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് എന്‍.ആര്‍.സി റാലികളില്‍ പോയപ്പോള്‍ അവിടുന്ന് മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ട് കാണാതെ പഠിക്കുകയും വിളിക്കുകയുമാണ് ഉണ്ടായത്. മുദ്രാവാക്യത്തില്‍ അര്‍ത്ഥമെന്താണെന്ന് അറിയാമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അര്‍ത്ഥമറിയില്ലെന്നും കുട്ടി പറഞ്ഞു.
താന്‍ പോപുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനല്ല. എന്നാല്‍, വലിയ പരിപാടികള്‍ വരുമ്പോള്‍ പങ്കെടുക്കാറുണ്ട്. ഈ മുദ്രാവാക്യത്തില്‍ തെറ്റില്ലെന്നും മതവിദ്വേഷ പരാമര്‍ശമില്ലെന്നും മുസാഫിര്‍ പറഞ്ഞു. വിഷയം വിവാദമാവുകയും പോലിസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിയാത്തത് ഒളിവില്‍ പോയതല്ലെന്നും റാലി കഴിഞ്ഞ് അടുത്ത ദിവസം താനും കുടുംബവും വിനോദയാത്രയ്ക്ക് പോയതാണെന്നും അഷ്‌കര്‍ മുസാഫിര്‍ മാധ്യമങ്ങളോട് പറഞ്ഞു.