കോഴിക്കോട്: എമര്‍ജന്‍സി വിഭാഗത്തിന്റെ സാന്നിദ്ധ്യം പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും 2024 ആകുമ്പോഴേക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്നും കേരള ആരോഗ്യ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കാത്ത മെഡിക്കല്‍ കോളേജുകള്‍ അടച്ച് പൂട്ടുന്നതാവും നന്നാവുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ആയ എമര്‍ജന്‍സ് 2022 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ അഭാവം രാജ്യത്തിന്റെ വൈദ്യശാസ്ത്ര മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണെന്നും ഈ അവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.