- ലൈംഗിക തൊഴിലാളികള്‍ക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ട്
ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിനെ പ്രഫഷനായി അംഗീകരിച്ച് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എന്‍. നാഗേശ്വരറാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനയുടെ 21ാം അനുഛേദം പ്രകാരം മറ്റു പൗരന്മാരെ പോലെ തന്നെ ലൈംഗിക തൊഴിലാളികള്‍ക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ട് എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് നിയമം തുല്യസംരക്ഷണം നല്‍കുന്നുണ്ടെന്നും അതിനാല്‍ പോലിസ് അടക്കമുള്ള സേനകള്‍ ഇവരോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
നിയമത്തില്‍ വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്. എന്നാല്‍, ഒരു വേശ്യാലയത്തില്‍ റെയ്ഡ് നടത്തുമ്പോള്‍ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗിക തൊഴിലാളികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനോ പിഴ ചുമത്താനോ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ലൈംഗിക തൊഴിലാളികളെ അവരുടെ കുട്ടികളെ അവരില്‍ നിന്ന് അകറ്റാന്‍ പാടില്ല. കൂടാതെ ലൈംഗിക തൊഴിലാളികള്‍ ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ നല്‍കുമ്പോള്‍ അതിന് പോലിസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാവേണ്ടതാണ്. അത്തരം പരാതികള്‍ നല്‍കുമ്പോള്‍ ലൈംഗിക പീഡനുവമായി വരുന്ന മറ്റു വ്യക്തികള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള എല്ലാ വൈദ്യനിയമസഹയാങ്ങളും ഇവര്‍ക്കും ലഭ്യമാക്കണമെന്നും സുപ്രീം കോടതി പോലിസിനോട് നിര്‍ദേശിച്ചു.
അതുപോലെ, ലൈംഗികതൊഴിലാളികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അവരുടെ ചിത്രമോ പേരോ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.