കോഴിക്കോട്: ‘കണ്ണീർവറ്റാത്ത കടലിന്റെ മക്കളും കരകയറാത്ത കടൽ തീരവും’ എന്ന മുദ്രാവാക്യവുമായി മത്സ്യതൊഴിലാളി ഫെഡറേഷൻ (എസ്ടിയു) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 27 മുതൽ കാസർഗോഡ് നിന്ന് സമര ജാഥ ആരംഭിക്കും. 27ന് വൈകിട്ട് 5 മണിക്ക് കാസർഗോഡ് ഹോസഗടിയിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് ഉമ്മർ ഓട്ടുമ്മൽ നയിക്കുന്ന ജാഥ മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഉമ്മർ ഓട്ടുമ്മലും ജന.സെക്രട്ടറി മഞ്ചാൻ അലിയും വാത്താസമ്മേളനത്തിൽ പറഞ്ഞു. ജൂൺ 1ന് മത്സ്യ തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന നിയമങ്ങൾ പരമ്പരാഗത മത്സ്യതൊഴിലാളികളെ തകർക്കുന്നതാണെന്നവർ പറഞ്ഞു. മണ്ണെണ്ണ, ഡീസൽ വില ക്രമാതീതമായി വർദ്ധിപ്പിക്കുകയും, 12 വർഷം കഴിഞ്ഞ ഫൈബർ വള്ളങ്ങൾക്കും, 15 വർഷം കഴിഞ്ഞ ബോട്ടുകൾക്കും രജിസ്‌ട്രേഷൻ പുതുക്കി നൽകാതിരിക്കുക, രജിസ്‌ട്രേഷൻ ഫീ, ലൈസൻസ് ഫീസ് 200 മടങ്ങാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
കടലിലെ നിയമലംഘനങ്ങൾ ആരോപിച്ച് ലക്ഷങ്ങളാണ് പിഴ ചുമത്തുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് കാരണം കടലിൽ പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ വിധി സർക്കാർ നടപ്പിലാക്കണം. തമിഴ്‌നാട് സർക്കാർ 20 രൂപയ്ക്ക് 300 ലിറ്റർ മണ്ണെണ്ണ നൽകുമ്പോൾ കേരള സർക്കാർ 136 രൂപയ്ക്ക് 140 ലിറ്റർ മണ്ണെണ്ണയാണ് മത്സ്യഫെഡ് മുഖേന നൽകുന്നത്. റേഷൻ മണ്ണെണ്ണ 16 രൂപയ്ക്ക് തമിഴ്‌നാട് സർക്കാർ നൽകുമ്പോൾ 84 രൂപയ്ക്കാണ് കേരള സർക്കാർ നൽകുന്നതെന്നവർ കൂട്ടിച്ചേർത്തു. തീരദേശ ജില്ലകളിലെ 32 കേന്ദ്രങ്ങളിൽ നടക്കുന്ന സമര സംഗമങ്ങളിൽ സമരജാഥക്ക് സ്വീകരണം നൽകും. എം.പി.അബ്ദുമോനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.