കോഴിക്കോട്: കാജു കഡോ കരാട്ടെ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന 11ാം മത് ഓള് ഇന്ത്യ ഓള്‍സ്റ്റൈല്‍ ഓപണ്‍ റിയല്‍ ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ് 28,29 തിയതികളില്‍ വി.കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ദിലീപ് കുമാറും റെന്‍ഷി പി.കെ ജയരാജും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 28ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ നരസിംഹുഗരി ആര്.എല്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. കാജു കഡോ കരാട്ടെ പ്രസിഡന്റ് റെന്‍ഷി ജയരാജ് പി.കെ അധ്യക്ഷവഹിക്കും.
തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്റര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്, എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കോര്പറേഷന് കൗണ്‍സിലര്‍മാരായ വി.കെ മോഹന്‍ദാസ്, സി.പി സുലൈമാന്‍, അനുരാധ തായാട്ട്, എസ്.കെ അബൂബക്കര്‍, സി.എം പ്രദീപ് കുമാര്‍ (റിട്ട.എസ്.പി), സി.പി.എം നോര്‍ത്ത് ഏരിയ സെക്രട്ടറി രതീഷ് എന്നിവര്‍ ആശംസകള്‍ നേരും.
കാജു കഡോ കരാട്ടെ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി സെക്രട്ടറി റെന്‍ഷി രാകേഷ് സി.പി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നന്ദിയും പറയും.
29ന് വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍ വരുണ്‍ ഭാസ്കര്‍ അധ്യക്ഷത വഹിക്കും. മൈസൂര്‍ ഡി.സി.പി ശൈലേന്ദ്ര മുഖ്യാതിഥി ആയിരിക്കും. മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്, കോഴിക്കോട് കോര്പറേഷന് കായിക വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രേഖ, സ്വാമി സുനില്‍ ദാസ്, നിര്മലന് (സി.പി.എം ജില്ലാ കമ്മിറ്റിയംഗം), എം. അബ്ദുല്‍ സലാം (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്), ഡോ. ചന്ദ്രകാന്ത് (മലബാര്‍ നേത്രാലയ), ഡോ. മൊയ്തു(നാഷണല്‍ ഹോസ്പിറ്റല്‍), പി.കെ കബീര്‍ സലാല (മെംബര്‍ ലോക കേരള സഭ) എന്നിവര്‍ സംസാരിക്കും. സെന്‍സായ് കിരണ്‍ കുമാര്‍ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ. സേതുമാധവന് നന്ദിയും പറയും.
മത്സരങ്ങളില്‍ കേരളത്തിനകത്തും പുറത്ത് നിന്നുമായി 400 ല്‍ അധികം പേര് മാറ്റുരയ്ക്കും. പുരുഷ – വനിതാ മത്സരങ്ങള്‍ വ്യത്യസ്ത വെയ്റ്റ് അടിസ്ഥാനത്തില്‍ ആയിരിക്കും നടക്കുക. കരാട്ടെ, കുങ്ഫു, വുഷു, കളരി, കിക്ക്ബോക്സിങ് എന്നീ ആയോധനകലകള്‍ അഭ്യസിച്ചവരാണ് മത്സരിക്കുക. മത്സരവിജയികള്‍ക്ക് ക്യാഷ്പ്രൈസും ട്രോഫിയും സമ്മാനിക്കും. ജില്ലക്ക് പുറത്തുള്ള എല്ലാവരുടെയും യാത്രാചിലവ്, താമസം, ഭക്ഷണം എന്നിവ സംഘാടക സമിതി ഏര്‍പ്പാടാക്കും.
11ാമത്തെ ടൂര്‍ണമെന്റാണിതെന്നും രാജ്യാന്തര നിലവാരത്തിലുള്ള ടൂര്‍ണമെന്റുകള്‍ ഭാവിയില്‍ സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ എം. ദിലീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ കബീര്‍ സലാല, റെന്‍ഷി സി.പി രാഗേഷ്, കെ. സേതുമാധവന് പങ്കെടുത്തു.