ഹൃദയശസ്ത്രക്രിയാ രംഗത്ത് അപൂര്‍വ നേട്ടവുമായി വടകര സഹകരണ ആശുപത്രി

ഹൃദയശസ്ത്രക്രിയാ രംഗത്ത് അപൂര്‍വ നേട്ടവുമായി വടകര സഹകരണ ആശുപത്രി

വടകര: ഹൃദയശസ്ത്രക്രിയാ രംഗത്ത് വടകര സഹകരണ ആശുപത്രിക്ക് അപൂര്‍വ നേട്ടം. കാസര്‍ക്കോട് സ്വദേശിയായ അറുപതുകാരന്റെ ഹൃദയത്തിലുള്ള മുഴ നീക്കം ചെയ്യുകയും അതേസമയം ബ്ലോക്ക് സംഭവിച്ച മൂന്ന് രക്തക്കുഴലുകളില്‍ ബൈപ്പാസ് ശസ്ത്രക്രിയകളും ഒരുമിച്ചു ചെയ്താണ് ഡോക്ടര്‍മാര്‍ അപൂര്‍വ നേട്ടം കൈവരിച്ചത്. ഏതാണ്ട് നാരങ്ങാ വലിപ്പമുള്ള -33X28 എം.എം- വലിപ്പമുള്ള മുഴയാണ് ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്തത്. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴയും ബ്ലോക്കുകളും നീക്കിയത്.

കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. ശ്യാം കെ. അശോക്, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വിഘ്നേഷ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശ്വാസതടസ്സം ബാധിച്ചതിന്റെ പേരില്‍ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിലെ മുഴ കണ്ടെത്തിയതും ചികിത്സയ്ക്കായി വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതും. പതിനായിരത്തില്‍ മൂന്നോ നാലോ പേര്‍ക്കു മാത്രമേ ഇത്തരത്തില്‍ മുഴകള്‍ ഹൃദയത്തില്‍ വരാറുള്ളൂ. അതുതന്നെ സ്ത്രീകളിലാണ് ഈയവസ്ഥ കൂടുതലും കാണാറുള്ളത്.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മുഴ

ഈ രോഗിയുടെ കാര്യത്തില്‍ മുഴയോടൊപ്പം ആന്‍ജിയോഗ്രാമില്‍ കണ്ടെത്തിയ മൂന്ന് തടസങ്ങള്‍ കൂടി നീക്കാനുണ്ടായിരുന്നു എന്നതാണ് ശസ്ത്രക്രിയ സങ്കീര്‍ണമാക്കിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ശ്യാം കെ. അശോക് പറഞ്ഞു. ഹൃദയത്തിലെ നാല് അറകളില്‍ ഒന്നിലേക്ക് രക്തം പമ്പ് ചെയ്യുന്നത് പൂര്‍ണമായും തടസ്സമാകും വിധത്തില്‍ മുഴ വളര്‍ന്നിരുന്നു. മുഴ നീക്കം ചെയ്യുമ്പോള്‍ അതിന്റെ കഷണങ്ങള്‍ മെയ്ന്‍ പമ്പിങ് സംവിധാനം വഴി മറ്റു ഭാഗങ്ങളിലേക്കു പോകാനുള്ള സാഹചര്യം ഒഴിവാക്കുക എന്ന വെല്ലുവിളി കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം നാലാം ദിവസം തന്നെ രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ആര്‍. ഗോപാലന്‍ (പ്രസിഡന്റ്, വടകര സഹകരണ ആശുപത്രി), കെ. ശ്രീധരന്‍ (വൈസ് പ്രസിഡന്റ്, വടകര സഹകരണ ആശുപത്രി), പി.കെ നിയാസ് (സെക്രട്ടറി, വടകര സഹകരണ ആശുപത്രി), ഡോ. ശ്യാം കെ. അശോക് (കാര്‍ഡിയോ തൊറാസിക് സര്‍ജന്‍, സഹകരണ ആശുപത്രി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *