കൊച്ചി: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് പോലിസ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പോലിസിനു മുന്‍പില്‍ ഹാജരായ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലിസാണ് കസ്റ്റഡിയിലെടുത്തത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.
സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി.സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം എറണാകുളം വെണ്ണലയില്‍ പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.
സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു. കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്.
അതേസമയം വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.