കോഴിക്കോട്: പ്രശസ്ത കഥാകൃത്ത് കാക്കനാടന്റെ സ്മരണാര്‍ത്ഥം ഉത്തര കേരള കവിത സാഹിത്യവേദി ഏര്‍പ്പെടുത്തിയ കാക്കനാടന്‍ കഥാപുരസ്‌കാരത്തിന് മോഹനന്‍ പുതിയോട്ടില്‍ അര്‍ഹനായി. ‘ അവന്‍ ശ്രീരാമന്‍’ എന്ന കഥാസമാഹാരമാണ് മോഹനന്‍ പുതിയോട്ടിലിനെ കാക്കനാടന്‍ കഥാപുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് 29ന് വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കാക്കനാടന്‍ അനുസ്മരണ സാഹിത്യ സമ്മേളനത്തില്‍ വച്ച് കണ്ണൂര്‍ എ.എസ്.പി പി.പി സദാനന്ദന്‍ സമര്‍പ്പിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍ മുഖ്യാതിഥിയാവും. സംസ്‌കാരസാഹിതി സംസ്ഥാന ജന.സെക്രട്ടറി സുനില്‍ മടപ്പള്ളി, കാക്കനാടന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പോലിസ്, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്തുത്യാര്‍ഹമായ സേവനം നടത്തിയ ശേഷം വിരമിച്ച മോഹനന്‍ പുതിയോട്ടില്‍ കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന് സ്വദേശിയാണ്. പ്രഭാഷണരംഗത്ത് നിറസാന്നിധ്യമായ മോഹനന്‍ പുതിയോട്ടില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ദിനം പ്രതിയെന്നോണം എഴുതി വരുന്ന കവിതകള്‍ ആയിരം പിന്നിട്ടിരിക്കുകയാണ്. കലാസാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഇദ്ദേഹം മികച്ച സഹകാരി കൂടിയാണ്.