കൊല്ലം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചതില്‍ തൃപ്തനെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, തന്റെ മകള്‍ക്ക് നീതി ലഭിച്ചെന്ന് ത്രിവിക്രമന്‍ പറഞ്ഞു.
അതേ സമയം, വിധി അറിഞ്ഞ മാതാവ് വിധിയില്‍ തൃപ്തയല്ലെന്ന് പറഞ്ഞു. പ്രതിക്ക് ജീവപര്യന്തം ലഭിക്കുമെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍, ലഭിച്ചത് കുറഞ്ഞ തടവു ശിക്ഷയാണ്. അതിനാല്‍ മേല്‍ക്കോടതിയിലേക്ക് പോകുമെന്നും മാതാവ് പറഞ്ഞു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ടര ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.