കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ താന്‍ നിരപരാധിയാണെന്നും വിസ്മയയുടേത് ആത്മഹത്യയാണെന്നും പ്രതിയായ കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്റെ പ്രതികരണം.
കുടുംബത്തിന് അത്താണി താന്‍ മാത്രമാണ്. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓര്‍മക്കുറവുണ്ട്. അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് കിരണ്‍ ആവശ്യപ്പെട്ടത്. അതേസമയം പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസ് വ്യക്തിക്ക് എതിരല്ല. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.