മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്‌ലിം സമുദായത്തെ വേട്ടയാടാനുള്ള ശ്രമം: പോപുലര്‍ ഫ്രണ്ട്

മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്‌ലിം സമുദായത്തെ വേട്ടയാടാനുള്ള ശ്രമം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ നിറം കെടുത്താന്‍ വ്യാജപ്രചാരണം നടത്തുകയാണ് ചിലര്‍. ജനലക്ഷങ്ങള്‍ അണിനിരന്ന സമ്മേളനത്തില്‍ ഉടനീളം ഉയര്‍ന്നത് ആര്‍.എസ്.എസിനും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയ്ക്കും എതിരായ മുദ്രാവാക്യങ്ങളാണ്. അത്തരം ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിന്റെ ഭാഗമാണ്. അതേസമയം, അവിടെ റാലിയില്‍ പങ്കെടുത്ത ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തിന്റെ മറപിടിച്ച് സംഘടനയെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ പറഞ്ഞു.

ചില മാധ്യമങ്ങളും ഇത്തരം പ്രചരണങ്ങളുടെ ഭാഗമായിരിക്കുന്നു. റാലിയില്‍ ആ കുട്ടി മുഴക്കിയത് സംഘടന ഔദ്യോഗികമായി നല്‍കിയ മുദ്രാവാക്യങ്ങളല്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, ആര്‍.എസ്.എസും അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രസംഘടനകളും ഈ വിഷയത്തെ മതങ്ങളുമായി കൂട്ടിക്കെട്ടി വ്യാജപ്രചരണം നടത്തുകയാണ്. ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും എതിരായി റാലിയില്‍ ആരും മുദ്രാവാക്യം വിളിച്ചിട്ടില്ല. ഇതരമതസ്ഥര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുക എന്നത് പോപുലര്‍ ഫ്രണ്ടിന്റെ നയമോ, നിലപാടോ അല്ല.

കുട്ടി വിളിച്ച മുദ്രാവാക്യവും ആര്‍.എസ്.എസിനും ഭരണകൂട വേട്ടയ്ക്കും എതിരേയാണ്. ആ മുദ്രാവാക്യം പൂര്‍ണമായും പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. എന്നാല്‍, മുദ്രാവാക്യത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തശേഷം ആര്‍.എസ്.എസ് പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തത്. സംഘപരിവാരം നടത്തുന്ന പ്രചരണത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെയും സംഘടനയേയും വേട്ടയാടാന്‍ അനുവദിക്കില്ല. വിദ്വേഷ പ്രചരണങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയും വര്‍ഗീയ പ്രചാരകരെ കയറൂരി വിടുകയും ചെയ്ത പോലിസ് സമ്മേളനത്തിന്റെ സംഘാടകര്‍ക്കെതിരേ ഇല്ലാത്ത വര്‍ഗീയത ആരോപിച്ച് കേസെടുത്തിരിക്കുകയാണ്.

മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും മുസ്‌ലിംകള്‍ ചായയില്‍ തുള്ളിമരുന്ന് ചേര്‍ത്ത് അമുസ്‌ലിംകളെ ഷണ്ഡീകരിക്കുന്നു എന്നും ഹിന്ദുസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിച്ചിട്ടും പൊതുബോധത്തെ അലോസരപ്പെടുത്തിയില്ല. ഹിന്ദുസമ്മേളനത്തിന്റെ മറവില്‍ നാലുദിവസം മുഴുനീളം വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ ഞെട്ടാത്ത പലരും ആര്‍.എസ്.എസിനെതിരേ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഞെട്ടിയത് അവര്‍ സൂക്ഷിക്കുന്നത് ഹിന്ദുത്വമതേതര ബോധമാണ് എന്നാണ് വ്യക്തമാവുന്നത്. ആര്‍.എസ്.എസിനെതിരായ മുദ്രാവാക്യങ്ങളെ മതവിരുദ്ധമായി ചിത്രീകരിക്കുന്നത് അപകടകരമാണ്. ഇത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കും. ഇതിനെതിരേ സംസ്ഥാന വ്യാപകമായി തെരുവുകള്‍ തോറും ആര്‍.എസ്.എസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, സി.എ റഊഫ് (സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *