കോഴിക്കോട്: മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി കാണുന്നവര്‍ ഉണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് എം.ഇ.എസ് സ്ഥാപകന്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ എന്ന് മേയര്‍ ബിനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ 38ാം ചരമ വാര്‍ഷികത്തില്‍ ജീവകാരുണ്യ പ്രതിഭക്കുള്ള പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക് നല്‍കിയതിലൂടെ അതിന് മാറ്റുകൂടുന്നുവെന്നും മേയര്‍ പറഞ്ഞു. ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ കാരുണ്യ പ്രതിഭാ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക് നല്‍കി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. തന്റെ മരണാസന്നസമയത്തു പോലും രോഗിയുടെ സങ്കടത്തിന് ശമനം ഉണ്ടാക്കിയ ഗഫൂര്‍ ഡോക്ടര്‍ ഇന്നിന്റെ മെഡിക്കല്‍ രംഗത്തും സമൂഹത്തിനും മാതൃകയാണെന്ന് അവര്‍ കൂട്ടിചേര്‍ത്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായിരുന്നു.
ഒരിക്കല്‍പോലും വര്‍ഗീയതയില്ലാതെ, രാഷ്ട്രീയത്തിന് വിട്ടുകൊടുക്കാതെ, സ്വാര്‍ത്ഥ ചിന്ത കൊണ്ട് ഞാന്‍ തന്നെ കയ്യില്‍ പിടിക്കണമെന്ന വാശിയില്ലാതെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്ന എം.ഇ.എസ് സംഘടനയും അതിനെ നയിക്കുന്ന പ്രവര്‍ത്തകരുമുണ്ടായത് ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ ദിശാബോധവും ദീര്‍ഘവീക്ഷണവും കൊണ്ടായിരുന്നുവെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
എഴുത്തുകാരന്‍ നവാസ് പുനൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. പ്രൊഫ. ഒ.ജെ ചിന്നമ്മ, പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍, എം.ഇ. എസ് സെക്രട്ടറിമാരായ സി.ടി സക്കീര്‍ ഹുസൈന്‍, വി.പി അബ്ദുറഹിമാന്‍, യൂത്ത് വിങ് സംസ്ഥാന ജന.സെക്രട്ടറി ഡോ. റഹീം ഫസല്‍, എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ഹമീദ് ഫസല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.ടി.എം അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ കെ.വി സലീം നന്ദിയും പറഞ്ഞു. കെ.എം.ഡി. മുഹമ്മദ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എം.ഇ.എസ് ജില്ലാ ഭാരവാഹികളായ പി.ടി ആസാദ്, ബി.എം സുധീര്‍, ടി.പി.എം സജല്‍ മുഹമ്മദ്, ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.