കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരേയാണ് കേസ്. സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും ഹരജിയില്‍ പറയുന്നു.
കേസില്‍ അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും അതിജീവിത ഹരജിയില്‍ ആരോപിക്കുന്നു. അതിനാല്‍ നീതി ഉറപ്പാക്കാന്‍ കോടതി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ അതിജീവിത സമീപിച്ചത്.