- ശിക്ഷാ വിധി നാളെ
കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കണ്ടെത്തിയിരിക്കുന്നത്. 304 ബി, 498 എ, 306 എന്നീ വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം എന്നിങ്ങനെയാണ് തെളിയിക്കപ്പെട്ട കുറ്റങ്ങള്‍. ഇതോടെ കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി. ശിക്ഷ നാളെ വിധിക്കുമെന്ന് കോടതി.
വിസ്മയ കേസില്‍ വിധി വരുന്നത് 11 മാസത്തിനു ശേഷം. നാലു മാസമാണ് വിചാരണ നീണ്ടുനിന്നത്. കിരണ്‍ കുമാറിനെതിരേ ഏഴു വകുപ്പുകളാണ് ചുമത്തിയത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അതേസമയം, കിരണ്‍ കുമാര്‍ വിസ്മയയോട് തനിക്ക് സ്ത്രീധനമായി ലഭിച്ച കാറിനെ കുറിച്ച് പരാതി പറയുന്നത്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നും പരാതി പറയുന്ന ശബ്ദരേഖ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. കേസില്‍ 42 സാക്ഷികള്‍, 12 തൊണ്ടിമുതലുകള്‍, 120 രേഖകള്‍ തെളിവുകളായി ഹാജരാക്കിയത്. കേസിലെ ഏക പ്രതിയാണ് കിരണ്‍കുമാര്‍.
2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്.