‘ഉപരിപഠന’ത്തിന് യു.എല്‍ സ്‌പേസ് ക്ലബ്ബിലെ കുട്ടിശാസ്ത്രജ്ഞര്‍  തലസ്ഥാനത്ത്

‘ഉപരിപഠന’ത്തിന് യു.എല്‍ സ്‌പേസ് ക്ലബ്ബിലെ കുട്ടിശാസ്ത്രജ്ഞര്‍ തലസ്ഥാനത്ത്

കോഴിക്കോട്: കോഴിക്കോട് യു.എല്‍ സ്‌പേസ് ക്ലബ്ബിലെ കുട്ടിശാസ്ത്രജ്ഞര്‍ ഇന്നുമുതല്‍ (2022 മേയ് 23,24,25) മൂന്നുദിവസം തിരുവനന്തപുരത്ത്. വാനനിരീക്ഷണവും ലാബ് പരീക്ഷണങ്ങളും വിദ്യാര്‍ഥികളുടെ ശാസ്ത്രവിതരണങ്ങളും വിദഗ്ധരുമായുള്ള സംവാദങ്ങളും ക്ലാസുകളും ഒക്കെയായി നടക്കുന്ന ത്രിദിന സ്‌പേസ് ക്യാംപിലേക്ക് ഇവര്‍ ഇന്നലെ വൈകിട്ട് പുറപ്പെട്ടു.

കുട്ടികളില്‍ ബഹിരാകാശശാസ്ത്രത്തില്‍ ആഭിമുഖ്യം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണു ക്യാംപ് കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലും വിക്രം സാരാബായ് സ്‌പേസ് സെന്ററിലും ബഹിരാകാശശാസ്ത്ര വിദ്യാഭ്യാസസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി)യിലുമായാണു നടക്കുന്നത്. ഇവയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, ആസ്‌ട്രോ കേരള എന്നിവയുടെയും സഹകരണമുണ്ട്.

കോഴിക്കോട്ടുനിന്നുള്ള ഈ 17 കൊച്ചുശാസ്ത്രജ്ഞര്‍ക്കൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്നു തെരഞ്ഞെടുത്ത സ്‌പേസ് സയന്‍സില്‍ സമര്‍ത്ഥരും സ്‌പേസ്, സയന്‍സ് പരിപാടികളില്‍ താല്‍പര്യമുള്ളവരുമായ 15 വീതം കുട്ടികളും സ്‌പേസ് ക്യാംപില്‍ ഉണ്ടാകും. ആകെ 62 കുട്ടികള്‍. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 200 കുട്ടികള്‍ ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുക്കും.

കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജാണ് ക്യാംപിന്റെ മുഖ്യകേന്ദ്രം. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലും ബഹിരാകാശശാസ്ത്ര വിദ്യാഭ്യാസസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി)യിലുമൊക്കെ ഓരോ പൂര്‍ണ ദിവസം സന്ദര്‍ശനം നടത്തുന്ന സംഘം പ്രമുഖശാസ്ത്രജ്ഞരും മറ്റു വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും 25ന് റോക്കറ്റ് വിക്ഷേപണം കാണുകയും ചെയ്യും.

യുവശാസ്ത്രജ്ഞര്‍ക്ക് അത്യന്താപേക്ഷിതമായ ശേഷി-വൈദഗ്ധ്യങ്ങള്‍ എന്ന വിഷയത്തില്‍ വിദഗ്ധരുടെ പാനല്‍ ചര്‍ച്ച, ബഹിരാകാശത്തിലെ ഗണിതപ്രചോദനങ്ങളെപ്പറ്റി പ്രഭാഷണം, ഡാര്‍ക്ക് ലൈറ്റ് ഫോട്ടോഗ്രഫിയില്‍ പ്രഭാഷണം, ഐ.ഐ.എസ്.റ്റി, എല്‍.പി.എസ്.സി, കുസാറ്റ്, ആസ്ട്രോ കേരള എന്നിവയുമായി ചേര്‍ന്നു വാനനിരീക്ഷണം, ക്ലബ്ബില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികളുടെ അവതരണങ്ങള്‍, ഐ.ഐ.എസ്.റ്റിയിലെ പരീക്ഷണശാലകളിലെ സന്ദര്‍ശനവും വിവിധ സെഷനുകളും, മംഗള്‍യാന്‍ ഷോ, വി.എസ്.എസ്.സി സന്ദശനവും റോക്കറ്റ് വിക്ഷേപണം കാണലും എന്നിങ്ങനെ വിപുലമാണ് ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍.

വെബ്‌സൈറ്റും സമൂഹമാധ്യമങ്ങളും വഴി നല്‍കിയ അറിയിപ്പുപ്രകാരം അപേക്ഷിച്ച 200ഓളം പേരില്‍നിന്ന് കഴിവുകളും നേട്ടങ്ങളും താല്‍പര്യങ്ങളും ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയും പ്രസന്റേഷനിലൂടെയും വിലയിരുത്തിയാണ് കുട്ടിശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തത്. കുട്ടികളില്‍ ബഹിരാകാശ ശാസ്ത്രത്തില്‍ ആഭിമുഖ്യം വളര്‍ത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികസേവന വിഭാഗമായ യു.എല്‍ ഫൗണ്ടേഷന്‍ 2016ല്‍ തുടങ്ങിയ സംരംഭമാണ് യു.എല്‍ സ്‌പേസ് ക്ലബ്ബ്.

അമേരിക്കയിലും മറ്റുമുള്ള മികച്ച സ്‌പേസ് ക്ലബ്ബുകളുടെ നിലവാരത്തോടു കിടപിടിക്കുന്ന എന്നാല്‍, കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബില്‍ എല്ലാം സൗജന്യമാണ്. ശ്രീഹരിക്കോട്ടയില്‍ ഉപഗ്രഹവിക്ഷേപണത്തിനു ക്ഷണിക്കപ്പെട്ടതടക്കം ഒട്ടേറെ അംഗീകാരങ്ങളും അനുഭവസമ്പത്തും കൈവരിച്ചവരാണ് ക്ലബ്ബംഗങ്ങള്‍. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന്റെ നാനാഭാഗങ്ങളിലും പുറത്തും നിന്നുള്ളവര്‍ പങ്കെടുത്തു വരുന്നു.
ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഇ.കെ കുട്ടി നേതൃത്വം നല്‍കുന്ന ക്ലബ്ബില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍നിന്നു പൊതുപരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് അംഗത്വം നല്‍കുക. നിലവില്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന നൂറോളം അംഗങ്ങളുണ്ട്. അതിലേറെപ്പേര്‍ അനുബന്ധഗ്രൂപ്പുകളിലും ഉണ്ട്. ഇവരില്‍ സ്റ്റുഡന്റ് ഫെലോസ് ആയി പ്രവര്‍ത്തിക്കുന്ന 17 പേരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *