നോര്‍ത്ത് പറവൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി വിവിധ കലാമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2022ലെ കലാസാഗര്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു.
പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍:
കലാമണ്ഡലം സോമന്‍ (കഥകളി വേഷം), സദനം ശിവദാസ് (സംഗീതം), കലാഭാരതി ഉണ്ണികൃഷ്ണന്‍ (ചെണ്ട), കലാനിലയം പ്രകാശന്‍ (മദ്ദളം), പുരുഷോത്തമന്‍ ചിങ്ങോലി (ചുട്ടി), അരുണ്‍ ആര്‍. കുമാര്‍ (ഓട്ടന്‍തുള്ളല്‍), ശ്രീരാജ് കിള്ളിക്കുറുശ്ശിമംഗലം (ചാക്യാര്‍കൂത്ത്), കലാമണ്ഡലം സിന്ധു (കൂടിയാട്ടം), അനുപമ മേനോന്‍ (മോഹിനിയാട്ടം), സൗമ്യ ബാലഗോപാല്‍ (ഭരതനാട്യം), ഷീബ സുന്ദര്‍രാജ് (കുച്ചുപ്പുടി), മട്ടന്നൂര്‍ ശ്രീരാജ് (തായമ്പക).
കോങ്ങാട് മോഹനന്‍ (പഞ്ചവാദ്യം തിമില), ചാലക്കുടി രാമന്‍ നമ്പീശന്‍ (മദ്ദളം), നായരമ്പലം നന്ദകുമാര്‍ മാരാര്‍ (ഇടയ്ക്ക), കാട്ടുകുളം ബാലകൃഷ്ണന്‍ (ഇലത്താളം), കേരളശ്ശേരി കുട്ടന്‍ (കൊമ്പ്)
മെയ് 28നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളുടെ ആമുഖ പ്രഭാഷണവും സ്വാഗതവും വെള്ളിനേഴി ആനന്ദ് നിര്‍വഹിക്കും. പ്രൊഫ. കെ.എന്‍ വിഷ്ണു നമ്പൂതിരിയുടെ അധ്യക്ഷയില്‍ ചേരുന്ന അനുസ്മരണ യോഗം കേരള കലാമണ്ഡലവും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡോ. ടി.സ് മാധവന്‍കുട്ടി എന്നിവര്‍ വിശിഷ്ടതിധികളാകും. വി. കലാധരന്‍ സ്മൃതിഭാഷണം ചെയ്യും. തുടര്‍ന്ന് 2022ലെ കലാസാഗര്‍ പുരസ്‌കാരസമര്‍പ്പണം. കലാസാഗര്‍ പ്രസിഡന്റ് എം.പി മോഹനന്‍ നന്ദി രേഖപ്പെടുത്തും.
പുരസ്‌കാരസമര്‍പ്പണത്തിനു ശേഷം കലാസാഗര്‍ അവതരിപ്പിക്കുന്ന പ്രഹ്ലാദചരിതം കഥകളിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം നരസിംഹമായി ഡോ. സദനം കൃഷ്ണന്‍കുട്ടി അരങ്ങിലെത്തുമ്പോള്‍ വാദ്യകലയിലെ ഇതിഹാസം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഒരു വ്യാഴവട്ടത്തിനുശേഷം കളിയരങ്ങില്‍ എത്തുന്നു എന്ന സവിശേഷം ഈ പരിപാടിയിലുണ്ട്. കൂടാതെ കഥകളിയിലെ ദേവഭാവം കോട്ടക്കല്‍ ദേവദാസ് (ഹിരണ്യകശിപു), ഉദ്ധത വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍ (ശുക്രാചാര്യന്‍) കഥകളി അരങ്ങില്‍ ലോകറെക്കോര്‍ഡ് തീര്‍ത്ത കലാമണ്ഡലം പ്രദീപ് (പ്രഹ്ലാദന്‍), മാസ്റ്റര്‍ പ്രണവ് മാസ്റ്റര്‍ പ്രയോഗ, കലാമണ്ഡലം ആര്യജിത്, സദനം വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവരും വേഷമിടുന്നു. കലാനിലയം രാജീവന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍ (സംഗീതം), കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം വേണുമോഹന്‍ (ചെണ്ട), കലാമണ്ഡലം രാജ് നാരായണന്‍, ബിജു ആറ്റുപുറം (മദ്ദളം), കലാമണ്ഡലം സുധീഷ്, കലാനിലയം വിഷ്ണു (ചുറ്റി), ഏരൂര്‍ സുരേന്ദ്രനും സംഘവും (അണിയറ) തുടങ്ങിയവര്‍ പങ്കെടുക്കുന്ന കഥകളിക്കു ചമയമൊരുക്കുന്നതു ശ്രീവൈകുണ്‌ഠേശ്വര കഥകളിയോഗം ആണ്.