തൃശൂര്‍: വര്‍ണക്കാഴ്ചകളില്ലാതെ തൃശൂര്‍പൂരം വെടിക്കെട്ടിന് തിരശീല വീണു. ഇത്തവണ മഴ മൂലം രണ്ടു തവണയാണ് വെടിക്കെട്ട് മാറ്റിവച്ചത്. രാവിലെ ഉച്ചയ്ക്ക് മുന്‍പ് വെടിക്കെട്ട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഇടയ്ക്ക് മഴയെത്തിയത് ആശങ്കയുണ്ടാക്കിയെങ്കിലും മഴ മാറി നിന്ന സമയത്താണ് വെടിക്കെട്ട് നടത്തിയത്.
വെടിക്കെട്ടിന് ആദ്യ അവസരം പാറമേക്കാവിനായിരുന്നു. രാത്രിയില്‍ വര്‍ണക്കാഴ്ചകളൊരുക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ നടത്തിയത് കാഴ്ചക്കാര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.
2.35 ഓടു കൂടി തിരുവമ്പാടിയുടെ വെടിക്കെട്ട് തുടങ്ങി. വൈകീട്ട് മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. വെടിക്കെട്ടിനോടനുബന്ധിച്ച് സ്വരാജ് ഗ്രൗണ്ട് പരിസരത്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.