ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസ് പരിഗണിക്കുക. അതുവരെ തുടര്‍ നടപടി പാടില്ലെന്ന് വാരാണസി കോടതിക്ക് നിര്‍ദേശം നല്‍കി. കേസ് സുപ്രിം കോടതി പരിഗണിക്കുന്നതിനാലാണ് നിര്‍ദേശം നല്‍കിയത്.
അതേസമയം ഗ്യാന്‍വാപി പള്ളിയിലെ വീഡിയോ സര്‍വേ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ വാരാണസി കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.
നേരത്തെ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ മുസ്‌ലിംകള്‍ക്ക് നിസ്‌കാരവും മതപരമായ അനുഷ്ഠാനങ്ങളും തടയരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പള്ളിയില്‍ നടത്തിയ സര്‍വേക്കിടയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന സ്ഥലം സംരക്ഷിക്കാനും ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ അതാണ് സന്തുലിതമെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവര്‍ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.