മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശം; കെ.സുധാകരനെതിരേ കേസ്

  • ക്ഷമ ചോദിക്കില്ലെന്ന് സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ കേസെടുത്തു. ഐ.പി.സി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പോലിസാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ.സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ചാണ് ഇത്തരമൊരു പ്രയോഗം നടത്തിയതെന്നും കെ.സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തെ തുടര്‍ന്ന് തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ. ഇത് വെള്ളരിക്കാപ്പട്ടണം അല്ല. വിവാദം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ എല്‍.ഡി.എഫിന് പത്ത് വോട്ട് കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെയെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *