കൊച്ചി:തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഉമാ തോമസിനെ പിന്തുണയ്ക്കാൻ സോഷ്യലിസ്റ്റ് പാർട്ടി ( ഇന്ത്യ ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർഗീയ ഫാസിസ്റ്റു ശക്തികൾക്കെതിരായ ദേശീയ ബദലിനു കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ പാർട്ടികളുടെയും സോഷ്യലിസ്റ്റ് പാർട്ടികളുടെയും പുരോഗമന ചിന്ത പുലർത്തുന്ന പ്രാദേശിക പാർട്ടികളുടെയും കൂട്ടായ്മ അനിവാര്യമാണ്. ഇന്ത്യയിലുടനീളം ശക്തമായ അടിത്തറയുള്ള കോൺഗ്രസിനെ മാറ്റി നിർത്തി ഒരു ദേശീയ ബദലിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. വികസനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് ആളുകളുടെ കിടപ്പാടവും ജീവനോപാധികളും പരിസ്ഥിതിയും പ്രകൃതിയെയും തകർക്കുന്ന കെ റെയിൽ പോലുള്ള പദ്ധതികൾ വഴി നാടിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫ് സർക്കാരിന് ശക്തമായ തിരിച്ചടി കൊടുക്കാൻ ഉമാതോമസിന്റെ വിജയം അനിവാര്യമാണ്. സോഷ്യലിസ്റ്റ് പാർട്ടി ( ഇന്ത്യ ) ഉയർത്തിപിടിക്കുന്ന എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എല്ലാവർക്കും തൊഴിൽ എന്ന മുദ്രാവാക്യവും മണ്ണിനേയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടും അംഗീകരിക്കാൻ യൂ ഡി എഫ് തയാറായ പശ്ചാത്തലത്തിലാണ് പാർട്ടി യൂ ഡി എഫ് ന് പിന്തുണ നൽകാൻ തയാറാവുന്നതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ തമ്പാൻ തോമസ് പറഞ്ഞു. ജൂൺ 4, 5 തീയതികളിൽ ഹൈദരാബാദിൽ ചേരുന്ന പാർട്ടി ദേശീയ കമ്മിറ്റി വർഗീയ ഫാസിസത്തിനെതിരെ ജനാധിപത്യ പാർട്ടികളുടെയും സോഷ്യലിസ്റ്റ് ശക്തികളുടെയും യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള കർമ പരിപാടികൾ തയാറാക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ പെരുവന്താനം, ജനറൽ സെക്രട്ടറി മാരായ മനോജ് ടി സാരംഗ്, ടോമി മാത്യു, സി പി ജോൺ, എന്നിവരും പങ്കെടുത്തു.