കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ആദായ നികുതി ഓഫീസ് ധർണ്ണ 19ന്

കോഴിക്കോട്: അനിയന്ത്രിതമായ പേപ്പർ വില വർദ്ധനവിനും, ക്ഷാമത്തിനും, അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും, ജിഎസ്ടി നിരക്ക് വർദ്ധനവിനുമെതിരെ പ്രസ്സുകൾ അടച്ചിട്ട് ജീവനക്കാരും, കുടുംബാംഗങ്ങളുമടക്കം 19ന് കാലത്ത് ആദായ നികുതി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ടി.ഉമ്മർ, സംസ്ഥാന സെക്രട്ടറി എം.എസ്.വികാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 6 മാസത്തിനടക്ക് വിവിധയിനം പേപ്പറുകൾക്ക് 50%ത്തിലധികം വില വർദ്ധനവും, ന്യൂസ് പ്രിന്റിന് ഇരട്ടിയിലുമധികമാണ് വില വർദ്ധിച്ചിട്ടുള്ളത്. രാജ്യത്തെയും സംസ്ഥാനത്തെയും അച്ചടി വ്യവസായം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. നോട്ട് നിരോധനവും, ജിഎസ്ടി, 2018ലെ പ്രളയം, മഹാമാരി, കോവിഡ് മുതലായവ കനത്ത തിരിച്ചടിയാണ് ഈ മേഖലയിലുണ്ടാക്കിയിട്ടുള്ളത്. കോവിഡിന്റെ ആഘാതത്തിൽ നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കടലാസ്, മഷി, കെമിക്കൽസ്, പ്ലേറ്റുകൾക്കെല്ലാം വില കുത്തനെ വർദ്ധിച്ചത്. വിലക്കയറ്റം മാത്രമല്ല ആവശ്യാനുസരണം പ്രിന്റിംഗ് അനുബന്ധ സാമഗ്രികൾ ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വൻകിട-ചെറുകിട പ്രസ്സുകളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെറുകിട പ്രസ്സുകൾ പിടിച്ച് നിൽക്കാനാവാതെ പലതും പൂട്ടി പോകുന്ന സ്ഥിതിയുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കുക, രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുക, കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയവും സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പും നടപ്പിലാക്കുന്ന പദ്ധതികളിൽ ഉൾപ്പെടുത്തി ചെറുകിട പ്രസ്സുകളെ പുന:സംഘടിപ്പിക്കുന്നതിനുള്ള സഹായങ്ങൾ നൽകണം. ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്ര – സംസ്ഥാന ഓഫീസുകൾക്ക് മുമ്പിലാണ് പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡണ്ട് എസ്.സുമേദ് കുമാർ, സെക്രട്ടറി കെ.രമേഷ്, ട്രഷറർ മനോജ് കുമാർ.എസ് വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *