കോഴിക്കോട്: എൽ ഡി എഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം മദ്യ വ്യാപനത്തിന് നിയമങ്ങളുണ്ടാക്കിയതാണെന്നും, ഇക്കാര്യത്തിൽ പല ആശ്വാസ നടപടികളും നാടിന് ലഭിച്ചത് യുഡിഎഫ് ഭരണത്തിൽ വന്നപ്പോൾ മാത്രമാണെന്ന് കേരള മദ്യ നിരോധന സമിതി പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. 2016ൽ ഉമ്മൻചാണ്ടി അധികാരമൊഴിയുമ്പോൾ 29 ബാറുകളാണുണ്ടായിരുന്നത്, ഇപ്പോൾ 580 ആയെന്നും, ഉമ്മൻചാണ്ടി അടപ്പിച്ച മദ്യഷാപ്പുകൾ പിണറായി തുറപ്പിക്കുകയാണ് ചെയ്തതെന്നും മുക്കിലും മൂലയിലും ബീർ-വൈൻ പാർലറുകൾ അനുവദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് നഗര പാലികാ നിയമങ്ങളിലെ പ്രത്യേക മദ്യനിരോധനാധികാരം നായനാർ അട്ടിമറിച്ചത് ഉമ്മൻചാണ്ടിയിലൂടെ മദ്യനിരോധന സമിതി പുന:സ്ഥാപിച്ചെടുത്തെങ്കിലും, പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ.ടി.ജലീലും, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും, മുഖ്യമന്ത്രിയും ചേർന്ന് വീണ്ടും അട്ടിമറിച്ചു. ഇതോടുകൂടി ഗ്രാമ പഞ്ചായത്തുകൾക്ക് അബ്കാരി സ്ഥാപനങ്ങളെ ചെറുക്കാനുള്ള അധികാരം നഷ്ടപ്പെട്ടു. അബ്കാരി മുതലാളിമാർ വിചാരിക്കുന്നിടത്ത് മദ്യഷാപ്പുകൾ അനുവദിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. മറ്റ് ലഹരി പദാർത്ഥങ്ങളുടെ വ്യാപനം ഭരണകൂടത്തിന്റെ പരാജയമാണ്. സംസ്ഥാനം മദ്യത്തിന്റെയും, ലഹരികളുടെയും കേന്ദ്രമാക്കിയ എൽഡിഎഫിനെ തൃക്കാക്കരയിൽ ജനം നിലംപതിപ്പിക്കുമെന്നദ്ദേഹം കൂട്ടിച്ചേർത്തു.