വിളയടിസ്ഥാനത്തിലുള്ള കർഷക കൂട്ടായ്മയിലൂടെ കോർപ്പറേറ്റ് വൽക്കരണം ചെറുക്കണം പി.കൃഷ്ണപ്രസാദ്

കോഴിക്കോട്: ലോക ചരിത്രത്തിൽ പാർലമെന്റ് പാസാക്കിയ നിയമം പിൻവലിച്ചത് ഇന്ത്യയിലാണെന്നും, കർഷക ശക്തിക്ക് മുൻപിൽ കീഴടങ്ങിയ സർക്കാരാണ് മോദി സർക്കാരെന്നും അഖിലേന്ത്യാ കിസാൻസഭ ട്രഷറർ പി.കൃഷ്ണപ്രസാദ് പറഞ്ഞു. രാജ്യത്തെ 75 വർഷത്തെ ചരിത്രത്തിൽ ഇത്രയധികം ജനപങ്കാളിത്തമുള്ള പ്രക്ഷോഭം നടന്നിട്ടില്ല. അഖിലേന്ത്യാ ക്ഷീരസംഗമത്തോടനുബന്ധിച്ച് മലബാർ മേഖലാ ക്ഷീരകർഷക സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കൃഷി ഭൂമി കരാർ അടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾക്ക് പാട്ടത്തിന് കൊടുക്കുകയും, കാർഷിക വിപണി കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും, അവശ്യ ഉൽപ്പന്നങ്ങളായ ധാന്യം, ഭക്ഷ്യ എണ്ണ, ഉള്ളി, പയറുൽപ്പന്നങ്ങൾ എന്നീ മേഖലകൾ കോർപ്പറേറ്റുകൾക്ക് നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇതിനെയാണ് കർഷക സമൂഹം ചെറുത്ത് തോൽപ്പിച്ചത്. ഇത്തരം നിയമങ്ങൾ നടപ്പിലായാൽ കൃഷി ഭൂമിയിൽ നിന്ന് കർഷകർ ആട്ടിയിറക്കപ്പെടും. കേന്ദ്ര സർക്കാർ നിയമം പിൻവലിച്ചെങ്കിലും രണ്ട് സുപ്രധാന കാര്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. കാർഷിക വിളകൾക്ക് വിലയുടെ മിനിമം സപ്പോർട്ട്, കർഷക തൊഴിലാളികളുടെ സംരക്ഷണം എന്നിവയാണവ. രാജ്യത്തെ കർഷകരിൽ 71% കടക്കാരാണ്. 2,78,000(രണ്ട് ലക്ഷത്തി എഴുപത്തിയെട്ടായിരം) രൂപ ശരാശരി ഒരു കർഷകന് കടമുണ്ട്. ഉൽപ്പാദന ചിലവ് കൂടുകയും ഉൽപ്പന്നങ്ങൾക്ക് വില കിട്ടാതിരിക്കുകയും ചെയ്യുമ്പോഴാണ് കർഷകർ കടക്കാരനാകുന്നത്. ഇത് കർഷകന്റെ കുറ്റമല്ല. വിളയടിസ്ഥാനത്തിലുള്ള കർഷക കൂട്ടായ്മ വളർത്തിയെടുക്കാൻ അഖിലേന്ത്യാ കിസാൻസഭ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അഖിലേന്ത്യാ കൺവെൻഷൻ സംഘടിപ്പിച്ചു വരുന്നത്. ഓരോ വിള ചെയ്യുന്ന കർഷകരും കൂട്ടായ്മകൾ രൂപീകരിക്കുകയും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്ത് മാത്രമേ കാർഷിക മേഖലയിലെ മുതലാളിത്ത വളർച്ചയേയും, കേർപ്പറേറ്റ് വൽക്കരണത്തെയും ചെറുക്കാനാകുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. മുൻ എം.എൽ.എ പി.വിശ്വൻമാസ്റ്റർ സ്വാഗതം പറഞ്ഞു. കേരള കർഷക  സംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി, കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്, കെ.പി.ചന്ദ്രി, മുൻ എം.എൽ.എ ജോർജ്ജ് എം.തോമസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *