കോഴിക്കോട്: കെ.പി.അഷ്‌റഫ് രചിച്ച പച്ചതുരുത്ത് ചെറുകഥാസമാഹാരം ഡോ.എം.കെ.മുനീർ എം.എൽ.എ പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്ക് നൽകി പ്രകാശനം ചെയ്തു. ലളിതമായ ഭാഷയിലാണ് കഥകളുടെ രചന നിർവ്വഹിച്ചിട്ടുള്ളതെന്നും, പൊടിപ്പും തൊങ്ങലുമില്ലാത്ത കഥകളാണ് കെ.പി.അഷ്‌റഫിന്റെ രചനകളെന്നും ഡോ.എം.കെ.മുനീർ പറഞ്ഞു. രചനകളിൽ അനുഭവത്തിന്റെ നീറ്റലുകളുണ്ട്. അനുഭവങ്ങളാണ് കുറെയൊക്കെ കഥകളാവുന്നതെന്നദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രഭാതം ദിനപത്രം ഡയറക്ടർ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഐസക് ഈപ്പൻ പുസ്തക പരിചയം നടത്തി. ആസ്റ്റർ മിംമ്‌സ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.പി.പി.വേണുഗോപാൽ, എം.എസ്.എസ് ജനറൽ സെക്രട്ടറി പ്രൊഫ.ഇ.പി.ഇമ്പിച്ചിക്കോയ, മാക്ബത്ത് പബ്ലിക്കേഷൻ എം.ഡി. എം.എ.ഫഹനാസ്, ലിപി അക്ബർ ആശംസകൾ നേർന്നു. ഗ്രന്ഥക്കാരൻ കെ.പി.അഷ്‌റഫ് മറുമൊഴി നടത്തി. ലിപി പബ്ലിക്കേഷൻ മാനേജർ ബാബു വർഗ്ഗീസ് സ്വാഗതം പറഞ്ഞു.