കോഴിക്കോട്: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന കാവുകൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കാവ് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെറുതും വലുതുമായ കാവുകൾക്ക് എല്ലാ വർഷവും ഗ്രാന്റ് നൽകുക, ജൈവ സമ്പത്ത് കുറവുള്ള കാവുകൾ കൂടുതൽ ജൈവ സമ്പത്തുള്ളതാക്കി മാറ്റുക, കാവ് സംരക്ഷണത്തിന് ഭൂമി വാങ്ങുവാൻ സാമ്പത്തികമനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര പരിസ്ഥിതി വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്. കാവ് കൈവശം ലഭിക്കുന്നതിന് 40 വർഷം മുൻപത്തെ കൈവശരേഖ ഹാജരാക്കണമെന്നതും നിലവിലുള്ള ഭൂമിയുടെ 10% വില നൽകണമെന്നതും കാവ് പരിരക്ഷകർക്ക് പ്രയാസമുണ്ടാക്കുന്നതിനാൽ 2020ൽ പാസാക്കിയ പ്രത്യേക ഓർഡിനൻസ് പിൻവലിക്കണം. 2020ന് മുൻപുള്ള ഓർഡർ നടപ്പിലാക്കണം. സംസ്ഥാന സെക്രട്ടറി എൻ.എൻ.ഗോപിക്കുട്ടൻ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.ദാസൻ, ജില്ലാ ജന.സെക്രട്ടറി സുരേഷ് മയ്യാൻ, ജോ.സെക്രട്ടറി പി.ശ്രീനിവാസൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.