കോഴിക്കോട് : നീറുന്ന നിരവധി ആവശ്യങ്ങളുന്നയിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സമര പരിപാടികളുടെ ഭാഗമായി, കലക്ട്രേറ്റിന് മുൻപിൽ ധർണ്ണ നടത്തി. മാധ്യമ പ്രവർത്തകൻ ടി.ടി.ചെറൂപ്പ ഉൽഘാടനം ചെയ്തു. ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കുക, ബാഹുലേയൻ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ പ്രകാരം ഒഴിവുകൾ നികത്തുകയും, കാഴ്ചയില്ലാത്തവർക്ക് ലഭിക്കേണ്ട തൊഴിൽ നിയമനം നടപ്പിലാക്കുകയും ചെയ്യുക, ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക, കാഴ്ചയില്ലാത്ത പെൺകുട്ടികളുടെ വിവാഹം പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക, സർക്കാർ ധന സഹായം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡണ്ട് ഡോ.സി.ഹബീബ് അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി, കെ.മൊയ്തീൻകോയ, പി.ടി.ബഷീർ, പ്രസിഡണ്ട് വി.സത്യൻ, സെക്രട്ടറി എ.കെ.അബ്ബാസ് പ്രസംഗിച്ചു.