കോഴിക്കോട്: ക്ഷീര മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ക്ഷീര കർഷക ശിൽപ്പശാല 14,15 തിയതികളിൽ കാലിക്കറ്റ് ടവർ ജനറൽ ഹാളിൽ നടക്കും. ആൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ.അശോക് ധവളെ ശിൽപ്പശാല ഉൽഘാടനം ചെയ്യുമെന്ന് കേരള കർഷ സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും, സംഘാടക സമിതി സെക്രട്ടറി പി.വിശ്വൻ എം.എൽ.എയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 80 ലക്ഷം ക്ഷീര കർഷകർ ആശ്രയിക്കുന്ന ക്ഷീര മേഖല കേന്ദ്ര സർക്കാരിന്റെ നവ ഉദാര വൽക്കരണ നയം മൂലം തകരുകയാണ്. ഉൽപ്പാദന ചിലവിന്റെ വർദ്ധനവ്, രാജ്യത്തെ മാർക്കറ്റിൽ കേർപ്പറേറ്റ് കമ്പനികളുടെ കടന്നുകയറ്റം ഇതെല്ലാം ക്ഷീരകർഷകരെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പൊതു നിക്ഷേപം വർദ്ധിപ്പിക്കുക, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലുകൾ, സഹകരണ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ ശൃംഖല വളർത്തിയെടുക്കുക ഇത്തരത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണ്.
പ്രൊഫ. വെങ്കിടേഷ് ആത്രേയ, ഡോ.ദിനേഷ് അബ്രോൾ, ഡോ.സുധീഷ് ബാബു, ആർ.വിജയംബ, ഡോ.അജിത്ത് നവാലെ, ഇന്ദ്രജിത്ത് സിംഗ്, ഡോ. വിജു കൃഷ്ണൻ, പി.കൃഷ്ണ പ്രസാദ്, ഹനൻമുള്ള(ആൾ ഇന്ത്യ കിസാൻ സഭ ജന.സെക്രട്ടറി) ശിൽപശാലക്ക് നേതൃത്വം നൽകും. ശിൽപശാലയുടെ ഭാഗമായി നാളെ കാലത്ത് 10 മണിക്ക് ഹോട്ടൽ നളന്ദയിൽ നടക്കുന്ന മലബാർ മേഖലാ ക്ഷീര സംഗമം അഖിലേന്ത്യാ കിസാൻ സഭ ഖജാഞ്ചിയും മുൻ എം.എൽ.എയുമായ പി.കൃഷ്ണ പ്രസാദ് ഉൽഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയും പങ്കെടുത്തു.