കോഴിക്കോട്: കോഴിക്കോട് ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ അക്കാദമിയായ മലബാർ സ്പോർട്സ് ആന്റ് റിക്രിയേഷൻ ഫൗണ്ടേഷൻ (എംഎസ്ആർഎഫ്) പ്രമുഖ ഫുട്ബോൾ അക്കദമിയായ അർജന്റീനോസ് ജൂണിയേസുമായി കരാർ ഒപ്പു വച്ചു. എംഎസ്ആർഎഫിന്റെ ഫുട്ബോൾ ക്ലബ്ബായ മലബാർ ചാലഞ്ചേഴ്‌സിന്റെ പേര് പ്രഖ്യാപിക്കലും ഫുട്ബോൾ ടീമിന്റെ ലോഗോ പ്രകാശനവും വെ്ബ്സൈറ്റ് ലോഞ്ചിംഗും ഇതോടൊപ്പം നടന്നു.
മറഡോണ ഉൾപ്പെടെ പ്രമുഖ ഫുട്ബോൾ താരങ്ങളെ വാർത്തെടുത്ത ലോകത്തെ തന്നെ മുൻനിര ഫുട്ബോൾ അക്കാദമിയാണ് അർജന്റീനോസ് ജൂണിയേഴ്സ്. രണ്ടു വർഷത്തേക്കാണ് എംഎസ്ആർഎഫ് കരാർ ഒപ്പുവച്ചത്. കരാർ പ്രകാരം അർജന്റീനോസ് ജൂനിയേഴ്സിന്റെ രണ്ട് കൺസൽട്ടന്റ് കോച്ചുകൾ എംഎസ്ആർഎഫിലെ കുട്ടികൾക്കും കോച്ചുകൾക്കും പരിശീലനം നൽകും. അർജന്റീനോസ് ജൂണിയേഴ്സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളി എംഎസ്ആർഎഫ് ചെയർമാൻ മുൻ ഗോവൻ ചീഫ് സെക്രട്ടറി ബി. വിജയൻ എന്നിവരാണ് കരാറിൽ ഒപ്പു വെച്ചത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഗോൾ കീപ്പർ വിക്ടർ മഞ്ഞില, എംഎസ്ആർഎഫ് ഡയറക്ടർമാരായ മുൻ തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി സ്‌കന്ദൻ കൃഷ്ണൻ , മുൻ ഇൻകം ടാക്സ് കമ്മീഷണർ പോൾ ജോർജ്ജ് ്, മുൻ ഇന്ത്യൻ ക്യാപ്റ്റനും ഗോൾ കീപ്പറും നിലവിൽ ഗോവ ഫുട്‌ബോൾ ഡെവലപ്പ്‌മെന്റ് കൗൺസിൽ ചെയർമാനുമായ ബ്രഹ്മാനന്ദ സങ് വാക്കർ, ചെന്നൈ അവലോൺ ടെക്നോളജീസ് സിഎംഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂർ, ്വിദേശകാര്യ മന്ത്രാലയം മുൻ ജോ. സെക്രട്ടറിയും എംഎസ്ആർഎഫ് എംഡിയും സിഇഒയുമായ സജീവ് ബാബു കുറുപ്പ് എന്നിവരും സന്നിഹിതരായിരുന്നു.
അർജന്റീനോസ് ജൂണിയേഴ്സ് വൈസ് പ്രസിഡന്റ് ജാവിയർ പെഡർസോളി ബോർഡ് മെമ്പർ കെവിൻ ലിബ്‌സ് ഫ്രെയിന്റ് , വിക്ടർ മഞ്ഞില, ഭവൻസ് കോഴിക്കോട് കേന്ദ്രം ചെയർമാൻ എ.കെ.ബി നായർ, പത്മശ്രീ ജേതാവായ എംഎസ്ആർഎഫ് ഡയറക്ടർ ബ്രഹ്മാനന്ദ സങ് വാക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
2022 സെപ്തംബറിൽ എംഎസ്ആർഎഫിന്റെ ലോകോത്തര നിലവാരമുള്ള ഫുട്ബോൾ അക്കാദമി കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കും. ദേശീയ ഫൂട്ബോൾ ലീഗിൽ പങ്കെടുക്കുന്ന യഥാർത്ഥ പ്രൊഫണൽ സീനിയർ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎസ്ആർഎഫ് ചെയർമാൻ ബി. വിജയൻ പറഞ്ഞു. 2031ലെ അണ്ടർ 20 ലോകകപ്പ് 2034ലെ ലോകകപ്പ് ഫുട്ബോൾ എന്നിവയുടെ അവസാന റൗണ്ടുകളിൽ ഇന്ത്യൻ ടീമിന്റെ സാനിധ്യമാണ് എംഎസ്ആർഎഫിന്റെ ലക്ഷ്യം. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകി പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളാക്കി മാറ്റുകയും അതുവഴി മലബാറിന്റെ മഹത്തരമായ ഫുട്ബോൾ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുകയും ലക്ഷ്യമാണ്്.
ആദ്യ ഘട്ടത്തിൽ പെരും തുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ മൈതാനമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. ഇതിനായി എംഎസ്ആർഎഫും ഭവൻസും തമ്മിൽ കരാറായിട്ടുണ്ട്. സമീപ ഭാവിയിൽ തന്നെ കോഴിക്കോട്ട് 10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ ഫുട്‌ബോൾ അക്കാദമി സ്ഥാപിക്കുും.