കോഴിക്കോട്: നീണ്ട ലേഖനം കൊണ്ടോ വാതോരാതെ പ്രസംഗിച്ചത്‌കൊണ്ടോ പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും പ്രായോഗിക കർമ്മ പരിപാടികളാണാവശ്യമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പ്രവാസികളുടെ എക്‌സ്പീരിയൻസ്, മനുഷ്യ ശക്തി എന്നിവ സംബന്ധിച്ച് വ്യക്തമായ രൂപരേഖ ഇപ്പോഴും ഉണ്ടായിട്ടില്ല. പ്രവാസികളിൽ പലരും ധാരണക്കുറവ് മൂലം വലിയ പണം മുടക്കി ആരംഭിക്കുന്ന സംരംഭങ്ങൾ പരാജയപ്പെടുന്നുണ്ട്. അവർക്കെല്ലാം ഇത്തരം സംരംഭകത്വ സമ്മേളനം പ്രയോജനപ്രദമാകും. കോവിഡിന് ശേഷം നിരവധി സ്‌കീമുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നേരായ വഴിയിൽ ഇത് ഉപയോഗപ്പെടുത്താൻ സാധിക്കണം. സർക്കാർ പ്രവാസികളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പ്രവാസി ഡവലപ്‌മെന്റ് റിഹാബിലിറ്റേഷൻ വെൽഫെയർ സെന്റർ സംഘടിപ്പിച്ച പ്രവാസി സംരംഭകത്വ സമ്മേളനവും ഒ.ചന്തുമേനോൻ പുരസ്‌കാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത വാഹിനി നോവലിന്റെ രചയിതാവ് സുജാത പവിത്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. ആറ്റക്കോയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ, ഡോ.പ്രിയദർശൻലാൽ, കെ.എസ്.എഫ് ഇ സീനിയർ മാനേജർ കെ.പി.അനിൽ കുമാർ, സുമതി വാരിയർ, ദേവസിക്കുട്ടി, ഇസ്മായിൽ പുനത്തിൽ, പി.അനിൽ ബാബു, ഒ.സ്‌നേഹരാജ് പ്രസംഗിച്ചു.