ജനഹൃദയം കീഴടക്കി അഖിലേന്ത്യാ ആരോഗ്യ-വിദ്യാഭ്യാസ,കാർഷിക, വ്യാവസായിക പ്രദർശനം മുന്നേറുന്നു

കോഴിക്കോട്: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കോഴിക്കോട് സ്വപ്‌ന നഗരിയിൽ സംഘടിപ്പിച്ചിരിക്കുന്ന അഖിലേന്ത്യാ ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക-വ്യാവസായിക പ്രദർശനം ജനഹൃദയങ്ങൾ കീഴടക്കുന്നു. കാശ്മീരിലെ മനോഹരമായ മഞ്ഞുമലയുടെ മാതൃക മലബാറിലെ ജനങ്ങൾക്ക് നേരിട്ട് കണ്ട് ആസ്വദിക്കുവാൻ പ്രദർശന നഗരിയിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. ലോക പ്രശസ്ത നയാഗ്ര വെള്ളച്ചാട്ടവും രൂപകൽപന ചെയ്ത് പ്രദർശന നഗരിക്ക് മാറ്റ് കൂട്ടുകയാണ്. ആബാലവൃദ്ധം ജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള വ്യത്യസ്തങ്ങളായ കാഴ്ചകൾ ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്. പ്രായഭേദമന്യേ ഓർമ്മകൾ നിലനിർത്താൻ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന് വേണ്ടി നഗരി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. നമ്മുടെ സ്വീകരണ മുറികളിൽ കാണാത്ത വർണ്ണ മത്സ്യങ്ങളുടെ വിപുലമായ ശേഖരം ഇവിടെ സജ്ജമാണ്. പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ള നിരവധി സ്റ്റാളുകളിൽ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പ്രദർശന നഗരിയിലെത്തുന്നവർക്ക് വിലക്കുറവിൽ വാങ്ങുവാൻ സാധിക്കും. നിലമ്പൂർ തേക്കിൽ തീർത്ത ഗൃഹോപകരണങ്ങൾ കണ്ട് വാങ്ങുവാനുള്ള അസുലഭ സന്ദർഭം. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും ഒരുക്കിയിരിക്കുന്ന പ്രത്യേകം സ്റ്റാളുകൾ, പഴയകാല മിഠായികൾ, കർണ്ണാടക സംസ്ഥാനത്തെ ആദിവാസികൾ പരമ്പരാഗതമായി തയ്യാറാക്കിയ മുടിവളരുന്ന പ്രത്യേക എണ്ണ സ്റ്റാളുകളിൽ ലഭ്യമാണ്. അടുക്കളയിലേക്കാവശ്യമായ ഉപകരണങ്ങളുടെ വിപുലമായ ശേഖരവും മേളയിലുണ്ട്. രുചിയുടെ തിരമാലകൾ തീർക്കുന്ന ഭക്ഷണ ശാല, വിവിധതരം പലഹാരങ്ങൾ, ഐസ്‌ക്രീം എന്നിവയെല്ലാം ലഭ്യമാണ്. നാൽപതിൽ പരം സർക്കാർ സ്റ്റാളുകൾക്കു പുറമെ അമ്യൂസ്‌മെന്റ് പാർക്കും മേളയിലുണ്ട്. പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ നിത്യവും സ്റ്റേജിൽ അരങ്ങേറുന്നുണ്ട്. വൈകിട്ട് 3 മണി മുതൽ രാത്രി 9 മണിവരെയാണ് പ്രദർശന സമയം. 7 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മേള മെയ് 31ന് സമാപിക്കും. സ്വപ്‌ന നഗരിയിലെ പ്രദർശനം നാടിനും നഗരത്തിനും പുത്തൻ ഉണർവ്വ് നൽകുകയാണ്. പ്രദർശനത്തിലൂടെ ലഭിക്കുന്ന വരുമാനം കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ പെയ്ൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും പുതിയങ്ങാടിയിൽ നിർമ്മിക്കുന്ന പെയ്ൻ ആന്റ് പാലിയേറ്റീവിന്റെ മന്ദിര നിർമ്മാണത്തിനും ചിലവഴിക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ജന.കൺവീനർ ഒ.സദാശിവനും പറഞ്ഞു. വൈസ് ചെയർമാൻ നിർമ്മലൻ.ടി.വി, ട്രഷറർ കെ.രതീഷും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *