തിരുവനന്തപുരം: ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന സർവേയുടെ രണ്ടാം ദിനമായ മെയ് 10ന് പ്രകാരം ആകെ 17.6 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 15740 വാർഡുകളിലായി 23.8 ലക്ഷം കുടുംബങ്ങൾ സന്ദർശിച്ചതിൽ നിന്നാണ് 17,66,912 ഗുണഭോക്താക്കളുടെ വിവരശേഖരണം സാധ്യമായത്. ഇതോടെ ഒരു വർഷം കൊണ്ട് പത്തു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിച്ച് ഓൺലൈൻ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെൻറ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യം രണ്ടു ദിവസം കൊണ്ട് മറി കടന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി രൂപകൽപന ചെയ്ത ‘ജാലകം’ മൊബൈൽ ആപ്‌ളിക്കേഷൻ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം.
നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എൻറെ തൊഴിൽ, എൻറെ അഭിമാനം’ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സർവേയാണ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. സർവേയുടെ രണ്ടാം ദിനവും പിന്നിടുമ്പോൾ തൃശൂർ ജില്ലയാണ് മുന്നിൽ. ആകെ 3,74,613 പേർ ഇവിടെ രജിസ്റ്റർ ചെയ്തു. 2,36,718 പേരുടെ വിവരശേഖരണം പൂർത്തിയാക്കി കൊല്ലം ജില്ലയാണ് രണ്ടാമത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ എന്യുമറേറ്റർമാർ വഴിയാണ് സംസ്ഥാനത്ത് സർവേ പുരോഗമിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 150 വീടുകൾക്കും, നഗരപ്രദേശങ്ങളിൽ 200 വീടുകൾക്കും ഒരു റിസോഴ്‌സ് പേഴ്‌സൺ എന്ന കണക്കിൽ ഓരോ വാർഡിലും അഞ്ചു മുതൽ ഏഴു വരെയാണ് എന്യൂമറേറ്റർമാരുടെ എണ്ണം. സർവേയ്ക്ക് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇവർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. കൂടാതെ സി.ഡി.എസ്തലത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി രണ്ടായിരത്തിലേറെ കമ്യൂണിറ്റി അംബാസിഡർമാരെയും നിയോഗിച്ചിട്ടുണ്ട്. സർവേ ആരംഭിച്ച ആദ്യ ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്.